സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയ ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

കോഴിക്കോട്: കേരളത്തില്‍ ഇന്നലെ വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസ്സുകാരനാണ് ഇന്നലെ ഷിഗെല്ല ബാധിച്ചത്.കോഴിക്കോട് പത്ത് ദിവസത്തിനിടെ ഷിഗെല്ല ബാക്ടീരിയ ബാധിച്ചവരുടെ എണ്ണം എട്ടായി. ഇതില്‍ ഒരു കുഞ്ഞു മരിക്കുകയും ചെയ്തിരുന്നു.

വയറിളക്കവും പനിയും ബാധിച്ച ഒന്നരവയസ്സുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴ് പേരാണിപ്പോള്‍ ചികിത്സയിലുള്ളത്. മെഡിക്കല്‍ കോളജിന് സമീപമുള്ള കോട്ടാംപറമ്പ്‌ മുണ്ടിക്കല്‍ത്താഴത്താണ് ആദ്യം ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി. ജയശ്രീ പറഞ്ഞു.

കോട്ടാംപറമ്ബില്‍ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കല്ലമ്പാറയിലും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ക്ലോറിനേഷന്‍ തുടങ്ങി. തിരുവനന്തപുരത്ത് നിന്നെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സംഘം സ്ഥലത്ത് പരിശോധനയും തെളിവെടുപ്പും നടത്തുന്നുണ്ട്. വെള്ളത്തില്‍ നിന്ന് തന്നെയാവാം ഷിഗെല്ല ബാക്ടീരിയ പകര്‍ന്നതെന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. ഷിഗെല്ല ബാക്ടീരിയ മനുഷ്യനിലേക്ക് പടര്‍ന്നത് വെള്ളത്തിലൂടെയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയിരുന്നു.