വെള്ളക്കെട്ടിലെ അനക്കം പിഞ്ചുകുഞ്ഞെന്ന് തിരിച്ചറിഞ്ഞ് ഇടപെടല്‍; രക്ഷകനായി പ്ലസ് വണ്‍ വിദ്യാര്‍ഥി

എടത്വ: പാടത്തെ വെള്ളക്കെട്ടില്‍ വീണുതാഴ്ന്ന രണ്ടു വയസ്സുകാരന് രക്ഷകനായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തലവടി കൊച്ചമ്മനം കൊതപ്പുഴശ്ശേരി റോയിയുടെയും അനിതയുടെയും മകന്‍ രണ്ട് വയസ്സുള്ള അച്ചുവിനെയാണ് താറാവ് കര്‍ഷകനായ തുണ്ടിത്തറ ബാബുവിന്റെയും രഞ്ജിനിയുടെയും മകന്‍ ബിജോ രക്ഷിച്ചത്. റോയിയുടെ മൂത്തമകന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ റൂബിനുമായി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ചു കണ്ണുവെട്ടിച്ച് ഓടി സമീപത്തെ കണ്ടങ്കരി കടമ്പങ്കരി പാടത്തെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. അമ്മ അടുക്കള ജോലിയിലായിരുന്നതിനാല്‍ കുഞ്ഞ് പോയത് അറിഞ്ഞില്ല.

താറാവുകളെയും കൊണ്ട് പാടത്ത് ആയിരുന്ന ബാബുവിന് ചായ കൊടുത്തു മടങ്ങുകയായിരുന്ന ബിജോ പാടത്തെ വെള്ളക്കെട്ടില്‍ അനക്കം കണ്ട് നോക്കിയപ്പോഴാണ് വെള്ളക്കെട്ടില്‍ താഴ്ന്നു കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടന്‍തന്നെ കുട്ടിയെ എടുത്ത് സമീപത്തെ വീട്ടില്‍ എത്തിച്ചു. ബിജോയുടെ സമയോചിത ഇടപെടല്‍ മൂലമാണ് പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്. തലവടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ബിജോ ബാബു.

കുട്ടിയെ രക്ഷിച്ച ബിജോയെ കൊടിക്കുന്നില്‍ സുരേഷ് എംപി അഭിനന്ദിച്ചു. മാത്രമല്ല, ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിക്കാന്‍ നടപടി സ്വീകരിക്കണം എന്ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് എംപിയോട് ആവശ്യപ്പെട്ടു.