ബി.പി.എൽ പട്ടിക വീണ്ടും പൊടിതട്ടിയെടുക്കുന്നു

തൃശൂർ: റേഷൻ ഗുണഭോക്താക്കളിൽ ഉൾപ്പെട്ട മുൻഗണന വിഭാഗത്തെ കണ്ടെത്താൻ 13 വർഷം മുമ്പ് തദ്ദേശസ്ഥാപനങ്ങൾ ദാരിദ്ര്യ ലഘൂകരണ പദ്ധതി പ്രകാരം തയാറാക്കിയ ബി.പി.എൽ പട്ടിക വീണ്ടും പൊടിതട്ടിയെടുക്കുന്നു. ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയ സന്ദർഭത്തിൽ തിരസ്കരിച്ച പട്ടികയിൽ ഉൾപ്പെട്ടവരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് പുതിയ ഉത്തരവ്.

2009ൽ തയാറാക്കിയ പട്ടികയിൽ വ്യാപക പരാതികൾ ഉണ്ടായതിന് പിന്നാലെ തുടർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ വന്ന പട്ടികയാണ് വീണ്ടും പരിഗണനക്ക് വരുന്നത്.ആദ്യം കുടുംബശ്രീ അംഗങ്ങൾ തയാറാക്കിയ ബി.പി.എൽ പട്ടിക വ്യാപക അബദ്ധങ്ങൾക്ക് പിന്നാലെ അധ്യാപകരെ നിയോഗിച്ച് പുതുക്കുകയായിരുന്നു.

എന്നാൽ, അധ്യാപകർ തയാറാക്കിയ പട്ടികയും അത്ര സുതാര്യമായിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടിക അനുസരിച്ച് സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിൽ ഗുണഭോക്താക്കളായ ബി.പി.എല്ലുകാരെ കണ്ടെത്തുന്നതിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.