കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയില്‍

തൃശൂർ: ഭൂമി അളക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വ്വയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തൃശൂര്‍ താലൂക്ക് സര്‍വ്വെ ഓഫീസിലെ സെക്കന്‍റ് ഗ്രേഡ് സര്‍വ്വയര്‍ എന്‍ രവീന്ദ്രനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.

ഭൂമി അളക്കാന്‍ അയ്യന്തോള്‍ സ്വദേശിയില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വ്വയറായ ആലപ്പുഴ സ്വദേശി എന്‍ രവീന്ദ്രനാണ് പിടിയിലായത്.

5000 രൂപയാണ് ഭൂമി അളക്കുന്നതിനായി സര്‍വേയര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2500 രൂപ ആദ്യം നല്‍കുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ തുകയും നല്‍കിയാല്‍ മാത്രമെ ഭൂമി അളക്കുകയുള്ളുവെന്ന് സര്‍വേയര്‍ അറിയിച്ചു. തുടര്‍ന്ന് അയ്യന്തോള്‍ സ്വദേശി വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2500 രുപ സര്‍വേയര്‍ക്ക് പരാതിക്കാരന്‍ നല്‍കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സര്‍വേയറെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.