ബ്രിട്ടനിൽ മക്കൾക്ക് വിഷംനല്കി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നേഴ്സ് അറസ്റ്റിൽ

ലണ്ടൻ∙ ബ്രിട്ടനിൽ മലയാളി നഴ്‌സ് തൻ്റെ രണ്ട് കുട്ടികൾക്ക് വിഷം നൽകിയ സംഭവത്തെ തുടർന്ന് വധശ്രമത്തിന് കേസെടുത്തു. ജിലുമോൾ ജോർജ് (38) എന്ന യുവതിയാണ് വ്യാഴാഴ്ച 13 വയസും എട്ടുവയസ്സുമുള്ള മക്കൾക്ക് വിഷം കുത്തിവച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കുട്ടികളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പൊലീസ് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ജിലുമോളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കൊലപാതകശ്രമം, ജീവൻ അപകടപ്പെടുത്താനോ ഗുരുതരമായ ദേഹോപദ്രവം ഉണ്ടാക്കാനോ ലക്ഷ്യമിട്ട് വിഷം നൽകിയതിന് രണ്ട് കേസുകളും ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിന് ശേഷം അവളെ ബ്രൈറ്റൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ മാർച്ച് എട്ടിന് കോടതിയിൽ ഹാജരാക്കും.

ഈസ്റ്റ് സസെക്സിലെ ഉക്ക്ഫീൽഡിലെ ഹണ്ടേഴ്സ് വേയിലുള്ള കുടുംബ വീട്ടിലാണ് സംഭവം. സംഭവസമയത്ത് ജിലുമോളുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസിൻ്റെ നേതൃത്വത്തിൽ സസെക്സ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് വരുംദിവസങ്ങളിൽ പൊലീസ് സാന്നിധ്യമുണ്ടാകുമെന്നും മറ്റാർക്കും സംഭവവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.