കാനത്തിന് സംസ്ഥാന സെക്രട്ടറിയായി തുടരാന്‍ ആക്രാന്തമെന്തിനെന്ന് സി ദിവാകരന്‍

തിരുവനന്തപുരം. സിപിഐ സംസ്ഥാന സമ്മേളനം നടക്കാന്‍ ഇരിക്കെ സിപിഐയില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണം എന്നാണ് സിപിഐയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതിനിടയില്‍ പരസ്യ പ്രതികരണവുമായി സിപിഐ നേതാവ് സി ദിവാകരന്‍ രംഗത്തെത്തി. സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണെന്ന് സി ദിവാകരന്‍ അഭിപ്രായപ്പെടുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുവാന്‍ കാനം രാജേന്ദ്രന് ആക്രാന്തമെന്തിനെന്നും. കാനം തന്നെക്കാള്‍ ജൂനിറാണെന്നും അദ്ദേഹം പറയുന്നു.

ആരം തന്നെ പാര്‍ട്ടില്‍ ഒതുക്കുവാന്‍ ശ്രമിക്കേണ്ട. പ്രായ പരിധി ഏതോ ഗൂഢസംഘത്തിന്റെ തീരുമാനമാണ്. ഇതിന് ഭരണഘടനാ സാധുതയില്ല. തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന സമ്മേളനം അടുത്തിരിക്കെ പാര്‍ട്ടില്‍ കാനത്തിനെതിരെ ശക്തമായ നീക്കം നടക്കുന്നതിന് മുന്നോടിയായിട്ടാണ് സി ദിവാകരന്‍ അടക്കം നേതാക്കള്‍ കാനത്തിനെതിരെ രംഗത്തെത്തിയതെന്നാണ് സൂചന.

അതേസമയം വിമര്‍ശകര്‍ക്കെതിരെ ശക്തമായ മറുപടിയുമായി കാനം രംഗത്തെത്തി. സി ദിവാകരന്‍ സംഘടനാ വിരുദ്ധമാണ് പറഞ്ഞതെന്ന് കാനം പ്രതികരിച്ചു. പ്രായ പരിധി തീരുമാനിച്ചത് സിപിഐയുടെ ദേശീയ കൗണ്‍സിലാണ്. പ്രായം കൊണ്ട് താന്‍ ജൂനിയറാണ് പക്ഷേ സംഘടനയിലല്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം കാണുമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സമ്മേളനമാണെന്നും കാനം വ്യക്തമാക്കി.

പ്രായ പരിധി നടപ്പാക്കിയ കാര്യം അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ല. സി ദിവാകരന്റെ കുറ്റമാണ്. താഴെതട്ടിലുള്ള സമ്മേളനങ്ങളില്‍ പ്രായപരിധി നടപ്പാക്കി കഴിഞ്ഞു. സംസ്ഥാന സെക്രട്ടറിക്ക് മൂന്ന് തവണ തുടരാമെന്ന് ഭരണഘടനിലൂണ്ട്. നാലാം തവണയും വരണമെങ്കില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം വേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.