കാനഡയിലെ ഖാലിസ്ഥാന്‍ അതിക്രമം, ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂ ഡൽഹി . കാനഡയിലെ നയതന്ത്ര കോണ്‍സുലേറ്റുകള്‍ക്ക് നേരെ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തില്‍ കാനഡയോടെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി.

‘വിദേശകാര്യ മന്ത്രാലയം, വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള കടമകള്‍ കാനഡയെ ഓര്‍മ്മിപ്പിച്ചു. അക്രമ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ള വ്യക്തികളെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും ആവശ്യപ്പെട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാര്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയും നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.’ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു.

ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ കഴിഞ്ഞ ഞായറാഴ്ച കാനഡയിലെ ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കാനിരുന്ന ഒരു പരിപാടി ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കുകയുണ്ടായി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയുടെ ആദ്യ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സ്വാഗതം ചെയ്യുന്നതിനാണ് സറേയിലെ താജ് പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥലത്തുണ്ടായിരുന്ന ഇന്ത്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകന്‍ സമീര്‍ കൗശലിനെയും പ്രതിഷേധക്കാര്‍ മര്‍ദ്ദിക്കുകയുണ്ടായി. തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരിപാടി റദ്ദാക്കി.

നേരത്തെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് നേരെയും ഒരു കൂട്ടം ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നതാണ്. അവിടെ സ്ഥാപിച്ചിരുന്ന ത്രിവര്‍ണ്ണ പതാക വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുകെ സര്‍ക്കാര്‍ സുരക്ഷാ ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ ആരോപിക്കുന്നത്. ഹൈക്കമ്മീഷന് പുറത്ത് വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിന്റെ അനുകൂലികൾ അവരുടെ പതാകകളും പോസ്റ്ററുകളും ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി. സിംഗിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകളില്‍ FreeAmritpalSingh, WeWantJustice, WeStandWithAmritpalSingh തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതിയിട്ടുണ്ടായിരുന്നത്.