വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ റദ്ദാക്കിയ കരാറുകള്‍ പുനസ്ഥാപിച്ചേക്കും

തിരുവനന്തപുരം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ റദ്ദാക്കിയ കരാറുകള്‍ പുനസ്ഥാപിക്കാന്‍ നീക്കം. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ധന സെക്രട്ടറിയും കെഎസ്ഇബി ചെയര്‍മാനും ചര്‍ച്ച നടത്തി. കെഎസ്ഇബി വിവിധ ടെണ്ടറുകള്‍ വിളിച്ചെങ്കിലും സ്വകാര്യ കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ മുമ്പ് റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാര്‍ പുനസ്ഥാപിക്കുവാന്‍ സാധിക്കുമോ എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ തലത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. റദ്ദാക്കിയ കരാര്‍ അനുസരിച്ച് യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്നു.

സെപ്റ്റംബറിലേക്ക് 7.60 രൂപയ്ക്കും ഒക്ടോബറില്‍ 7.87 രൂപയ്ക്കും വൈദ്യുതി നല്‍കാമെന്നാണ് കമ്പനി സമ്മതിച്ചത്. തുടക്കത്തില്‍ ഇതിലും കൂടുതല്‍ തുകയാണ് കമ്പനി ആവശ്യപ്പെട്ടത്.