കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും വിദ്യാര്‍ഥികളും അതീവ ജാഗ്രത പുലർത്തുക, മുന്നറിയുപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി.ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യന്‍ പൗരന്‍മാര്‍ ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ കേ ന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.

കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കാനഡ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദശേകാര്യ മന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.