ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശൂർ: തൃശൂർ ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിന്‌ തീപിടിച്ച് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത്‌ തലനാരിഴക്കാണ്. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്തതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ്‌ ഇയോൺ കാറാണ്‌ കത്തി നശിച്ചത്‌.

ഇന്നലെ രാത്രി 7.15 ഓടെയാണ്‌ പഴുന്നാന ചൂണ്ടൽ റോഡിൽ വെച്ച് കാർ കത്തിയത്. ഷെൽജിയും മകനും, സഹോദരന്റെ മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്‌. ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത്‌ നിന്ന് തീ ഉയരുന്നത്‌ കണ്ട്‌ കാർ നിർത്തുകയായിരുന്നു. ഷെൽജിയും കുട്ടികളും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണമായും കത്തിയമരുകയായിരുന്നു.

കുന്നംകുളത്ത്‌ നിന്ന് അഗ്നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. കുന്നംകുളം പോലീസ്‌ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തീപിടിത്തത്തിൻറെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിന് തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. മോട്ടോർ വാഹന വകുപ്പ് അധികൃതരും കാർ പരിശോധിക്കും.