വനിതാ ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറി ; അർജുൻ ആയങ്കിക്കെതിരേ കേസ്

കോട്ടയം: ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറിയ കരിപ്പൂർ സ്വർണക്കടത്തുകേസിലെ പ്രധാന പ്രതി അർജുൻ ആയങ്കിക്കെതിരേ കേസ്. വനിതാ ടി.ടി.ഇ.യെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയുംചെയ്തെന്ന പരാതിയിൽ കോട്ടയം റെയിൽവേ പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്

ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസിൽ ശനിയാഴ്ച രാത്രി 11-നാണ് സംഭവം. തീവണ്ടി തൃശ്ശൂരിലെത്തിയപ്പോൾ ജനറൽ ടിക്കറ്റുമായി അർജുൻ സ്ലീപ്പർ കോച്ചിൽ കയറി. ജനറൽ കംപാർട്ട്മെൻറിൽ കയറണമെന്ന് ടി.ടി.ഇ. പറഞ്ഞതിനെത്തുടർന്നാണ് മോശമായി പെരുമാറിയത്.

തുടർന്ന് ടി.ടി.ഇ. കോട്ടയം റെയിൽവേ പോലീസിൽ പരാതി നൽകി. കോട്ടയം റെയിൽവേ പോലീസ് എസ്.എച്ച്.ഒ. റെജി പി. ജോസഫ്, അർജുൻ ആയങ്കിക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. സംഭവം നടന്നത് തൃശ്ശൂരിൽ ആയതിനാൽ കേസ് അവിടേക്ക് കൈമാറിയിട്ടുണ്ട്.