പൂട്ടിയിട്ട് മർദിച്ചു, മൂത്രംകുടിപ്പിച്ചു, കൊല്ലാൻ ശ്രമം, അഖിൽ സജീവിന്റെ മൊഴിയിൽ റിയാസിനും ലെനിനും ബാസിത്തിനുമെതിരെ കേസ്

പത്തനംതിട്ട : ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പുകേസിൽ അറസ്റ്റിലായ അഖിൽ സജീവിന്റെ മൊഴിയിൽ, അഭിഭാഷകൻ അടക്കമുള്ള കോഴിക്കോട്ടെ സംഘത്തിന്റെ പേരിൽ പത്തനംതിട്ട പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കോഴിക്കോട് പിലാശ്ശേരിയിൽ തടങ്കലിൽവെച്ച് മർദിച്ചുവെന്നും മൂത്രം കുടിപ്പിച്ചെന്നുമാണ് ആദ്യ കേസ്. കോട്ടയം മണിമലയിൽ തടഞ്ഞുവെച്ച് മർദിച്ചെന്ന പരാതിയിലാണ് രണ്ടാമത്തേത്.

ശ്രീരൂപ്, റിയാസ്, ലെനിൻ, ബാസിത്, സാദിഖ് എന്നിവരാണ് ആദ്യകേസിൽ ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ. ശ്രീരൂപ്, ലെനിൻ, ബാസിത് എന്നിവരാണ് രണ്ടാമത്തെ കേസിലെ പ്രതികൾ. ഇവരുടെ ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിന്റെ ചുമതലക്കാരനായിരുന്നു അഖിൽ സജീവ്. മേയ് അഞ്ചുമുതൽ 14 വരെ ശ്രീരൂപിന്റെ കോഴിക്കോട്ടെ തറവാട്ടുവീട്ടിൽ പൂട്ടിയിട്ട് മർദിച്ചു. വെള്ളം നിറച്ച ബാരലിൽ പലകുറി തല മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചതായും മൊഴിയുണ്ട്.

ഗ്ലാഡിസിന്റെ മണിമലയിലെ വീട്ടിൽ മേയ് 19-ന് രാത്രിലെത്തിച്ചും മർദിച്ചു. പോലീസിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അഖിൽ സജീവ് മൊഴി നൽകി. കൊലപാതക ശ്രമം, തടഞ്ഞുവെക്കൽ, ദേഹോപദ്രവം എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.