മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെകൊണ്ടു ദേശിയ പാതയിലൂടെ വണ്ടിയോടിപ്പിച്ച പിതാവ് റിമാൻഡിൽ

ചാത്തന്നൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട് പതിമൂന്നുകാരനായ മകനെക്കൊണ്ട് കാർ ഓടിപ്പിച്ച കേസിൽ അറസ്റ്റിലായ പിതാവിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള മീനച്ചൽ സ്വദേശി സുരേന്ദ്രകുമാറാണ്(46) റിമാൻഡിലായത്. കളിയിക്കാവിളയിൽ നിന്നും മലപ്പുറത്തേക്കുള്ള യാത്രയിലാണ് കുട്ടി ഡ്രൈവർ ദേശീയപാതയിലൂടെ വണ്ടിയോടിച്ചത്. മകനെ കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ ഏറ്റെടുത്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനെ കാറിന്റെ ഡ്രൈവറാക്കി ദേശീയപാതയിലൂടെ വാഹനം ഓടിപ്പിച്ചതിനാണ് സുരേന്ദ്രകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

പതിമൂന്നുകാരനായ കുട്ടി മലപ്പുറത്തെ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സംഭവസമയം ഇവർ രണ്ടുപേരും മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. മദ്യപിച്ചാണ് ഇയാൾ വാഹനം ഓടിച്ചു തുടങ്ങിയത്. യാത്രയ്‌ക്കിടെ വീണ്ടും പുറത്തിറങ്ങി മദ്യപിച്ചു. കാൽ ഉറയ്‌ക്കാത്ത അവസ്ഥയിലായതോടെ മകൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി കാർ എടുത്തു. ഡ്രൈവിങ് സീറ്റിൽ ഇരുന്നാൽ പുറത്തുള്ളത് കാണാൻ പോലും കുട്ടിക്ക് കഴിയുമായിരുന്നില്ല. തിരക്കേറിയ ദേശീയപാതയിലൂടെ കുട്ടി ഡ്രൈവർ വണ്ടി ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് വിവരം ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഉടനെ പോലീസുകാർ പിന്നാലെയെത്തി ചാത്തന്നൂർ ജംഗ്ഷനിൽ വച്ച് കാർ തടയുകയായിരുന്നു.

ജുവനൈൽ ജസ്റ്റിസ് ആക്ട്, മോട്ടർ വെഹിക്കിൾ ആക്ട് എന്നിവ പ്രകാരമാണ് സുരേന്ദ്രകുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. കാറിന് ഇൻഷുറൻസ് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം ഇന്നലെ രാവിലെ നെഞ്ച് വേദന ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് സുരേന്ദ്രകുമാറിനെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധ നടത്തി. പരിശോധനയിൽ ഇയാൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന് കണ്ടെത്തി. സോഷ്യൽ വർക്കർ ആണെന്നാണ് സുരേന്ദ്രകുമാർ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.