ജയ് ഭീം, നടന്‍ സൂര്യയ്ക്ക് ജാതിസംഘടനയുടെ ഭീഷണി; വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

ചെന്നൈ: ജയ് ഭിം സിനിമയെ തുടര്‍ന്ന് നടന്‍ സൂര്യയ്ക്ക് വണ്ണിയാര്‍ സമുദായത്തിന്റെ ഭീഷണി. ഇതേത്തുടര്‍ന്ന് താരത്തിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വണ്ണിയാര്‍ സംഘം സൂര്യക്കും ജ്യോതികക്കും സംവിധായകന്‍ ടി ജെ ജ്ഞാനവേലിനും നോട്ടീസ് അയച്ചിരുന്നു. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം.

സൂര്യയുടെ ചെന്നൈ ടി നഗറിലെ വസതിക്കാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. സൂര്യക്കെതിരെ വണ്ണിയാര്‍ സമുദായ നേതാക്കള്‍ ആക്രമണ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് പൊലീസ് മുന്‍കരുതല്‍ സ്വീകരിച്ചത്. സൂര്യ അഭിനയിച്ച ചിത്രത്തിലെ പുരോഗമനപരമായ വശങ്ങള്‍ അംഗീകരിക്കുമ്‌ബോള്‍ പോലും തങ്ങളുടെ വിഭാഗത്തെ ചിത്രീകരിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് വണ്ണിയര്‍ സംഘം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, നിര്‍ഭാഗ്യവാനായ ഒരു ആദിവാസി യുവാവിനെ ക്രൂരമായി പീഡിപ്പിച്ച വില്ലന്മാരില്‍ ഒരാളെ വണ്ണിയാര്‍ സമുദായാംഗമായി സിനിമയില്‍ കാണിക്കുന്നു, വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.

നവംബര്‍ ആദ്യം റിലീസ് ചെയ്തത് മുതല്‍, തമിഴ് സമൂഹത്തില്‍ പറഞ്ഞറിയിക്കാനാകാത്ത ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പട്ടികവര്‍ഗ്ഗ വംശമായ ഇരുളര്‍ ഗോത്രത്തിന്റെ കഥ പറഞ്ഞ ചിത്രം നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ചെയ്യാത്ത കുറ്റം സമ്മതിക്കാത്തതിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ തല്ലിക്കൊന്ന ഇരുളര്‍ ആദിവാസി യുവാവിന്റെ ജീവിതമാണ് സിനിമ പറയുന്നത്.പട്ടാളി മക്കള്‍ പാര്‍ട്ടി മേധാവി ഡോ. രാമദോസും വണ്ണിയാര്‍ സമുദായത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു വ്യക്തിയെ വേദനിപ്പിച്ച് പ്രശസ്തി തേടേണ്ട ആവശ്യമില്ലെന്ന് നടന്‍ സൂര്യ പ്രതികരിച്ചിരുന്നു. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന വിസികെയുടെ നേതാവ് തോല്‍ തിരുമാവളവന്‍ നല്‍കിയ പിന്തുണയ്ക്ക് നടന്‍ സൂര്യ നന്ദി പറയുകയും ചെയ്തു.

ജയ് ഭീം വിവാദം തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒട്ടുമിക്ക നിര്‍മ്മാതാക്കളും നടന്‍ സൂര്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.ദേശീയ അവാര്‍ഡ് നേടിയ അസുരന്‍ നിര്‍മ്മിച്ച വെട്രി മാരന്‍ ഒരു ട്വീറ്റില്‍ ഇങ്ങനെ പറഞ്ഞു, ‘… ഈ സിനിമകള്‍ നിലവിലെ സ്ഥിതി മാറാന്‍ ആഗ്രഹിക്കാത്തവരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികമാണ്.’ കമല്‍ഹാസനൊപ്പം പ്രവര്‍ത്തിക്കുന്ന യുവ സംവിധായകന്‍ ലോകേഷ് കനകരാജും സൂര്യയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

നടന്‍ സൂര്യയെ പിന്തുണച്ച് മറ്റ് സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. #IstandwithSuriya എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗിലാണ്, ഹാഷ്ടാഗിനെ പിന്തുണച്ച് ആയിരക്കണക്കിന് ട്വീറ്റുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.

സൂര്യ നായകനായ ‘ജയ് ഭീം’ സിനിമയുടെ പ്രമേയത്തിന് പ്രചോദനമായ ലോക്കപ്പ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാര്‍വതിക്ക് സിനിമയുടെ നിര്‍മ്മാതാക്കള്‍ 10 ലക്ഷം കൈമാറി. സൂര്യയുടെ ഭാര്യയയും നടിയുമായ ജ്യോതികയുടെ നിര്‍മാണ കമ്ബനിയായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്. സൂര്യ നേരിട്ട്പങ്കെടുത്ത ചടങ്ങില്‍ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് നിര്‍മാണ കമ്ബനിക്ക് വേണ്ടി തുക കൈമാറിയത്.