കുടുംബ പെന്‍ഷനായി മക്കളെ നാമനിര്‍ദേശം ചെയ്യാം, വനിതാ ജീവനക്കാര്‍ക്ക് അനുമതി നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി : കുടുംബ പെന്‍ഷന്‍ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വനിതാ ജീവനക്കാര്‍ക്ക് ഭര്‍ത്താവിന് പകരമായി ആണ്‍മക്കളുടെയോ പെണ്‍മക്കളുടെയോ പേര് നല്‍കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ ചട്ടം ഭേദഗതി ചെയ്ത് ഔദ്യോഗിക ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി.

ഏറെ കാലമായുള്ള വനിതാ ജീവനക്കാരുടെ ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത് . ഇനി മകനെയും മകളെയും ഫാമിലി പെൻഷനായി നോമിനി ആക്കാം. നേരത്തെ മരിച്ച സർക്കാർ ജീവനക്കാരന്റെയോ പെൻഷൻകാരന്റെയോ പങ്കാളിക്ക് കുടുംബ പെൻഷൻ നൽകിയിരുന്നെങ്കിൽ ആ പങ്കാളിയുടെ മരണ ശേഷമേ മറ്റ് കുടുംബാംഗങ്ങൾക്ക് പെൻഷന് അർഹതയുള്ളൂവെന്നും പ്രസ്താവനയിൽ പറയുന്നു.

ഇതിനായി പെൻഷൻ പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെൻ്റ് (DoPPW) 2021 ലെ സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതായി കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് ഇത്തരമൊരു ഭേദഗതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.