ചന്ദ്രയാന്‍2: നാലാം ഘട്ട ഭ്രമണപഥമാറ്റവും വിജയകരം

ചന്ദ്രയാന്‍ രണ്ടിന്റെ നാലാംഘട്ട ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം കൂടി വിജയകരമായി പൂര്‍ത്തിയായി. വൈകിട്ട് 6:37 ഓടെയാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയായത്. ചന്ദ്രനില്‍ നിന്ന് 124 കിലോമീറ്റര്‍ അടുത്ത ദൂരവും 164 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് ഇപ്പോള്‍.

ആഗസ്റ് 20 ന് ചന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള നാലാമത്തെ ഭ്രമണപഥ മാറ്റമാണ് ഇന്ന് വൈകിട്ട് പൂര്‍ത്തിയായത്. വൈകിട്ട് 6:18ന് ആരംഭിച്ച ഭ്രമണപഥമാറ്റം 1155 സെക്കന്റുകള്‍ (19.25 മിനുട്ട്) കൊണ്ട് പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നിനാണ് അവസാനഘട്ടം ഭ്രമണപഥ മാറ്റം നടക്കുക.

വൈകിട്ട് ആറ് മണിക്കും ഏഴ് മണിക്കും ഇടയില്‍ നടക്കുന്ന ഈ ഭ്രമണപഥ മാറ്റത്തോടെ ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള വര്‍ത്തുള ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ രണ്ട് എത്തും. സെപ്റ്റംബര്‍ രണ്ടിനായിരിക്കും ചാന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടുക.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ പുലര്‍ച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഇസ്റോ പദ്ധതിയിട്ടിട്ടുള്ളത്.

ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം നിരന്തരം വിലയിരുത്തുന്നുണ്ട്. സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇസ്റോയ്ക്കാകുമോ എന്നാണ് ലോകം മുഴുവന്‍ ഉറ്റ് നോക്കുന്നത് .