പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ പരിശോധന സംസ്ഥാനത്തു കർശനമാക്കുന്നു

നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ പരിശോധന തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തു കർശനമാക്കുന്നു. പ്ലാസ്റ്റിക് ക്യാരിബാഗുകൾ 2020 ജനുവരി മുതൽ സംസ്ഥാനത്തു നിരോധിച്ചതാണ്. എന്നാൽ ഇപ്പോഴും പല വ്യാപാര സ്ഥാപനങ്ങളിലും ഇവ ലഭ്യമാണ്. കഴിഞ്ഞ ഒരു മാസത്തോളമായി തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഒഴിവാക്കാൻ വ്യാപാരസ്ഥാപനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

ഫ്ലെക്സ്, പ്ലാസ്റ്റിക് ക്യാരിബാഗ് ഉൾപ്പെടെ ഉള്ള വസ്തുക്കളുടെ നിരോധനത്തിനു നടപടി സ്വീകരിക്കാൻ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഫെബ്രുവരിയിൽ തദ്ദേശവകുപ്പ് സർക്കുലർ ഇറക്കി. ഇതു ലംഘിച്ചാൽ 10,000 മുതൽ 50,000 രൂപ വരെയാണു പിഴ.

ജൂലൈ മുതൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് രാജ്യമാകെ പൂർണനിരോധനം വരുന്നതും പരിശോധന കർശനമാക്കുന്നതിനു പിന്നിലുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്കും 60 ജിഎസ്എമ്മിൽ കുറഞ്ഞ നോൺ വൂവൺ ബാഗുകൾക്കും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

കോവിഡ് സാഹചര്യവും വ്യാപാരമേഖലയിലെ പ്രതിസന്ധിയും കാരണം അപ്പോൾ കർശന നടപടികൾ സംസ്ഥാനത്തു സ്വീകരിക്കുന്നില്ലെങ്കിലും ഇത്തരം വസ്തുക്കൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് 2020 മുതൽ സംസ്ഥാനത്തു ലൈസൻസ് നൽകുന്നില്ലെന്ന് ശുചിത്വ മിഷൻ വ്യക്തമാക്കി.