ചുരുളി കണ്ടതുകൊണ്ട് നശിക്കുന്നവരാണെങ്കില്‍ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്ന് ചെമ്പന്‍ വിനോദ് ജോസ്

ചുരുളി സിനിമയിലെ ഭാഷാ പ്രയോഗത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ചെമ്പന്‍ വിനോദ് ജോസ്. തെറി വിറ്റ് കാശാക്കാന്‍ ഉദ്ദേശിച്ചല്ല ചുരുളി ചെയ്തത്. സിനിമയുടെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങള്‍ എന്നും നടന്‍ പറഞ്ഞു. ദുബൈയില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍. ചുരുളിയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ചെമ്പന്‍ വിനോദാണ്.

ആ സിനിമയിലെ കഥാപാത്രങ്ങള്‍ കുറ്റവാളികളാണ്. കുറ്റവാളികള്‍ താമസിക്കുന്ന സ്ഥലത്തുള്ളവര്‍ പ്രാര്‍ഥിച്ച് ഭക്ഷണം കഴിച്ച് ജീവിക്കുന്നവരായിരിക്കില്ല. അവര്‍ക്ക് അവരുടേതായ രീതിയുണ്ടാകും. അതാണ് സിനിമയില്‍ ചിത്രീകരിച്ചത്. സിനിമ തുടങ്ങുമ്പാള്‍ തന്നെ മുതിര്‍ന്നവര്‍ക്ക് കാണാനുള്ളതാണെന്ന് എഴുതിക്കാണിക്കുന്നുണ്ട്.-ചെമ്പന്‍ വിനോദ് ജോസ് പറഞ്ഞു.

കുട്ടികളെ പറ്റി ആശങ്കപ്പെടുന്നവര്‍ ഇത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടത്. നിയമാനുസൃതമായാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. വിരല്‍തുമ്പില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളി എന്ന സിനിമയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ നശിക്കുകയില്ല. അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്നാണ് എനിക്ക് തോന്നുന്നത്. സിനിമ കാണാനും കാണാതിരിക്കാനും ഒപ്ഷനുണ്ട്. ചിലരെങ്കിലും അശ്രദ്ധമായി കുടുംബത്തോടൊപ്പം കണ്ട് പ്രയാസപ്പെട്ടവരുണ്ട് എന്നതില്‍ വിഷമമുണ്ട് -ചെമ്പന്‍ വിനോദ് വ്യക്തമാക്കി