പ്രതിപക്ഷ നേതൃസ്ഥാനം നൽകിയില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന ഭീക്ഷണിയുമായി ചെന്നിത്തലയും ഉമ്മൻചാണ്ടിയും

പ്രതിപക്ഷ നേതാവിൻറെ പ്രഖ്യാപനത്തിൽ തീരുമാനം ഇതുവരെയും ആയില്ല. രമേശ് ചെന്നിത്തലക്കായി അവസാന മണിക്കൂറുകളിലും ഉമ്മൻചാണ്ടി കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. രമേശ് ചെന്നിത്തലയെ പരി​ഗണിച്ചില്ലെങ്കിൽ ചെന്നിത്തലയും ഉമ്മൻചാണ്ടിയും എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന ഭീക്ഷണിയുമായി ഗ്രൂപ്പ് നേതാക്കൾ രം​ഗത്തെത്തിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സമ്മർദ്ദം ശക്തമായതോടെ ഹൈക്കമാൻഡും ആശയക്കുഴപ്പത്തിലാണ്.

വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കളെ അറിയിച്ചിരുന്നു. ജനസമ്മതനായ വിഡി സതീശനെപ്പോലെയുള്ള നേതാവിന്റെ കീഴിൽ പ്രവർത്തിക്കുമ്പോൾ സ്ഥാനങ്ങൾ തെറിക്കുമെന്ന പേടിയലാണ് രാജി പ്രഖ്യാപനം എന്ന ആക്ഷേപവും ഉണ്ട്. വിഡി സതീശന്റെ കീഴിൽ പ്രവർത്തിക്കാൻ തങ്ങളെ കിട്ടില്ലെന്ന് ഇരുവരും അറിയിച്ചതായാണ് വിവരം. പാർട്ടിയിലെ മുതിർന്ന നേതാക്കളായ തങ്ങളെ എതിർത്ത് തീരുമാനവുമായി മുമ്പോട്ടുപോയാൽ കേരളത്തിലെ കോൺ​ഗ്രസ് പാർട്ടി തിരിച്ചടി നേരിടുമെന്നും ഇരുവരും വ്യക്തമാക്കി. രമേശ് ചെന്നിത്തലയെ പരി​ഗണിക്കാനായി ആന്റണിയെ എ,ഐ ഗ്രൂപ്പ് നേതാക്കൾ വിളിച്ച് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മകൻ അനിൽ ആന്റണിക്ക് ആലപ്പുഴയിൽ നിന്നും മത്സരിക്കാൻ അവസരം നൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് വിവരം.‌

എന്നാൽ എകെ ആന്റണി ഈ വിഷയത്തിൽ‌ പ്രതികരിച്ചിട്ടില്ല. കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങണ്ടേതില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേതൃമാറ്റത്തിന് അനുകൂലമായാണ് നിൽക്കുന്നത്.