രാജസ്ഥാനിൽ ബജറ്റ് മാറി വായിച്ച് മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്

ജയ്പുർ. ബജറ്റ് മാറി വായിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. നിയമസഭയിൽ 2023-24 കാലത്തെ ബജറ്റിന് പകരം ഗഹ്‌ലോത് അബദ്ധത്തിൽ 2022-23 കാലത്തെ ബജറ്റ് വായിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം തടഞ്ഞു. ബജറ്റ് ചോർന്നെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു.

ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സ്പീക്കർ സിപി ജോഷി ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ സഭ നിർത്തിവെക്കുകയായിരുന്നു. അതേസമയം, ബജറ്റ് മാറി വായിച്ച സംഭവം അശോക് ഗഹ്‌ലോത് നിഷേധിച്ചു.

ബജറ്റ് ചോർന്നിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറൻസിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വെച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് രാജസ്ഥാന്റെ വികസനത്തിന് എതിരാണെന്ന് കാണിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.