‘ഇപ്പോള്‍ ഞാന്‍ പറയുന്ന സമയത്തും മമ്മി ഐസലേഷന്‍ വാര്‍ഡില്‍ കൊറോണ രോഗികളെ പരിചരിക്കുകയായിരിക്കും’

ലോകം മുഴുവന്‍ കോവിഡ് 19 ഭീതിയിലാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം നിലവില്‍ വന്ന ലോക്ക്ഡൗണിന് മികച്ച പിന്തുണയാണ് ഏവരും നല്‍കുന്നത്. ഇതോടെ ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. എന്നാല്‍ അതിന് സാധിക്കാത്തവരാണ് പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം അനുഷ്ടിക്കുന്നത്. ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയായ മമ്മിയെ കുറിച്ച് ജോവാന എന്ന മകള്‍ എഴുതിയ കത്താണ് ഏവരുടെയും ഹൃദയത്തില്‍ തൊടുന്നത്.

‘ഞാന്‍ ഇപ്പോള്‍ എന്റെ മമ്മിയെക്കുറിച്ചു പറയുന്ന സമയത്തും മമ്മി ഇടുക്കി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ കൊറോണ രോഗികളെ പരിചരിക്കുക ആയിരിക്കും. നഴ്‌സാണ് മമ്മി, പേര് ജാന്‍സി. ഇപ്പോള്‍ കൊറോണ വാര്‍ഡിലാണ് ഡ്യൂട്ടി. ഒരിക്കല്‍ ഡ്യൂട്ടിക്ക് കേറിയാല്‍ 2 ഷിഫ്റ്റ് അടുപ്പിച്ച് 5 ദിവസം ജോലി. പിന്നെയും 14 ദിവസം ഐസലേഷന്‍. ഞാന്‍ അടക്കമുള്ള 3 മക്കളെയും പപ്പയേയും വിട്ട് മമ്മി ജോലിക്ക് പോകുന്നത് ആത്മാര്‍ഥത കൊണ്ട് മാത്രമാണ്. അതുകൊണ്ട് തന്നെ മമ്മിയാണെന്റെ മാലാഖ. ഒത്തിരി നഷ്ടങ്ങള്‍ സഹിച്ചും മമ്മി എന്നും ജോലിക്ക് പോകും. തൊടുപുഴയിലെ വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആശുപത്രിയിലെത്തേണ്ടത്. എട്ടാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. എന്റെ പഠനകാര്യങ്ങ വീട്ടിലെ പണികളും എല്ലാം മമ്മി ഒരു പരിഭവവും ഇല്ലാതെ ചെയ്യും, ശ്രദ്ധിക്കും.

കോവിഡ് വാര്‍ഡില്‍ പോകുകയാണെന്ന് മമ്മി പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പേടിയായി. ഞാന്‍ കരഞ്ഞു. പോകണ്ടാ എന്ന് പറഞ്ഞു. പക്ഷേ, മമ്മി പറഞ്ഞു ഇത് സഹജീവികളോടുള്ള ഉത്തരവാദിത്തമാണെന്ന്. ആതുരസേവനത്തിനുവേണ്ടി ഞങ്ങളെ വരെ മമ്മിക്ക് മാറ്റി നിര്‍ത്തേണ്ടി വരുന്നു. ആ മമ്മിയോട് എനിക്ക് ബഹുമാനം ഉണ്ട്. സന്തോഷം ഉണ്ട്. ഈ വൈറസിനെ നമ്മള്‍ തോല്‍പിച്ചുകഴിയുമ്പോള്‍ മമ്മി ആകും എന്റെ ഹീറോ’ -ജോവാന കത്തില്‍ പറയുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ രണ്ട് , പത്തനംതിട്ട , ആലപ്പുഴ തൂശൂര്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ ഒന്നു വീതവും വൈറസ് ബാധിതരാണ് ഇന്നുള്ളത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വലിയ ആശ്വാസത്തിന്റെ ദിനങ്ങളാണ്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്പുകള്‍ അവസാനിപ്പിച്ചു. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരാണ് കേരളത്തിലുള്ളത്. ഇതില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്നതിന് കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,000 കിറ്റ് ഐസിഎംആര്‍ വഴി നാളെ ലഭിക്കും. കാസര്‍കോട് അതിര്‍ത്തിയില്‍ സജീവമായി ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ട്. കോവിഡ!് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ തടസ്സമുണ്ടാവില്ല. അത്യാവശ്യ രോഗികളാണ് അങ്ങോട്ട് പോകേണ്ടത്. പുതുതായി സൃഷ്ടിച്ച തസ്തികകളില്‍ പകുതി എണ്ണത്തിലും ഉടനടി നിയമനം നടത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.