തയ്‌വാനെച്ചൊല്ലി യുഎസും ചൈനയും തർക്കം തുടരുന്നു

തയ്‌വാനെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള തർക്കം തുടരുന്നു. തയ്‌വാൻ വിഷയത്തിൽ ചൈനയുടേത് ‘അപകടകരമായ കളി’യാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. ദ്വീപുരാഷ്ട്രത്തിനുമേൽ അധികാരം സ്ഥാപിക്കാൻ ചൈന ഒരുങ്ങിയാൽ സൈനികമായി ഇടപെടുമെന്നും മൂന്നാഴ്ച മുൻ‌പ് ജപ്പാനിൽ വച്ച് ബൈഡൻ പറഞ്ഞിരുന്നു.

എന്നാൽ ജൂൺ 12നു സിംഗപ്പൂരിൽ നടന്ന ഏഷ്യൻ സുരക്ഷാ സമ്മേളനമായ ഷാങ്ഗ്രിലാ ഡയലോഗിൽ ചൈനയുടെ പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്ഹി തയ്‌വാനെ ചൈനയിൽനിന്ന് അടർത്തിയെടുക്കാൻ ശ്രമിച്ചാൽ തിരികെപ്പിടിക്കാൻ ഞങ്ങൾക്കു മടിയില്ലെന്നും എല്ലാ മാർഗങ്ങളും ഉപയോഗിച്ച് അവസാനം വരെ പോരാടുമെന്നും വ്യക്തമാക്കി.

തയ്‌വാന്റെ വ്യോമപ്രതിരോധ മേഖലയിലേക്ക് ചൈന നിരന്തരം യുദ്ധവിമാനങ്ങൾ അയച്ച് പ്രകോപനം സൃഷ്ടിക്കാറുണ്ട്. ഇതിനു മറുപടിയായി യുഎസ് തയ്‌വാനു ചുറ്റും യുദ്ധക്കപ്പലുകളും വിന്യസിക്കുന്നു. വൻശക്തികളുടെ വാക്പോരും ശക്തിപ്രകടനവുമായി മാത്രം ഈ നീക്കങ്ങളെ കണ്ടാൽപ്പോരാ. മറ്റൊരു വൻയുദ്ധത്തിനു കാരണമാകുമോ എന്ന സംശയവും നിലനിൽക്കുന്നു.