മേയർക്കെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നു- ചിന്താ ജെറോം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം. കെ.എസ്‌.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും ലൈംഗീക അധിക്ഷേപവും ചോദ്യം ചെയ്തു എന്ന കാരണത്താലെ സമാനതകളില്ലാത്ത സൈബർ വേട്ടയാടലിന് ഇരയാവുന്നു.

വലിയ കള്ള പ്രചാരണമാണ് നടത്തികൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം നഗരസഭയിൽ അധികാരമേറ്റ അന്നു മുതൽ ബിജെപിയുടെയും യുഡിഎഫ്‌ ന്റെയും കണ്ണിലെ കരടാണ് ആര്യാ രാജേന്ദ്രനെന്നും ചിന്താ ജെറോം ഫേസ്ബുക്കിൽ കുറിച്ചു.

ചിന്ത ജെറോമിന്റെ കുറിപ്പ്

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്. കെ.എസ്‌.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും ലൈംഗീക അധിക്ഷേപവും ചോദ്യം ചെയ്തു എന്ന കാരണത്താല സമാനതകളില്ലാത്ത മാധ്യമ – സൈബർ വേട്ടയാടലിന് ഇരയാവുന്നത്. പൊതുമധ്യത്തിൽ ലൈംഗികാധിക്ഷേപം നടത്തിയ പ്രതിയോട് ഐക്യദാർഢ്യപ്പെടുകയും പ്രതിക്ക് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുവാനും ഒരു പറ്റം മാധ്യമങ്ങളും സൈബറിടത്തിലെ ഇടതുപക്ഷ വിരുദ്ധരും പരിശ്രമിക്കുകയാണ്. അതിനായി വലിയ കള്ള പ്രചാരണമാണ് നടത്തികൊണ്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം നഗരസഭയിൽ അധികാരമേറ്റ അന്നു മുതൽ ബിജെപിയുടെയും യുഡിഎഫ്‌ ന്റെയും കണ്ണിലെ കരടാണ് ആര്യാ രാജേന്ദ്രൻ .വളരെ ചെറിയ പ്രായത്തിൽ മേയർ പദവിയിൽ എത്തിയ ആര്യയെ അംഗീകരിക്കാനും രാഷ്ട്രീയമായി എതിരിടാനും കഴിയാതെ നിരന്തരം സ്ത്രീവിരുദ്ധമായ രീതിയിൽ അപവാദങ്ങൾ മാത്രം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ബിജെപി-യുഡിഎഫ് സംഘവും ചില മാധ്യമങ്ങളും .അതിന്റെ തുടർച്ചയാണ് ഈ സൈബർ ആക്രമണം. അതിനായി സമൂഹമധ്യത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം കാണിച്ച പ്രതിയെ വെള്ളപൂശുന്നത് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന സൈബർ ആക്രമണം അത്യന്തം ഹീനമാണ്. ഇടതുപക്ഷത്തെ സ്ത്രീകൾക്ക് നേരെയുള്ള വലതുപക്ഷ മാധ്യമ അധമസംഘവും വലതു രാഷ്ട്രീയപ്പാർട്ടികളുടെ ക്രിമിനൽ സംഘവും നടത്തുന്ന ക്രൂരമായ വേട്ടയാടൽ അനുവദിക്കുകയില്ലെന്നും
ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും.