ചിത്രയുടെ മകൾ മെഡിസിന് പഠിക്കുന്നു, കഴിയാവുന്ന സാഹയങ്ങൾ ചെയ്യുന്നു വെളിപ്പെടുത്തലുമായി നടി

ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു നായികയായിട്ടാണ് നടി ചിത്ര ചലച്ചിത്രരംഗത്തെത്തുന്നത്. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. അമരം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ആറാം തമ്പുരാന്‍, മിസ്റ്റര്‍ ബ്ട്ടലര്‍, അടിവാരം പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍, കളിക്കളം, പഞ്ചാഗ്നി എന്നീ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ദിലീപ് ചിത്രത്തിലാണ് ചിത്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പിന്നീട് തമിഴ് സീരിയലുകളില്‍ മാത്രമാണ് അഭിനയിച്ചത്. 2021ലാണ് മരണം. അതേസമയം പിന്നീട് ചിത്രയുടെ കു‌ടുംബത്തിന് താങ്ങായി നിന്നത് ചുരുക്കം പേരാണ്. ചിത്ര മരിക്കുമ്പോൾ മകൾ മഹാലക്ഷ്മി വിദ്യാർത്ഥിയാണ്.

ചിത്രയുടെ മകൾക്ക് പിന്നീട് വഴികാട്ടിയത് നടി ശരണ്യ പൊൻവണ്ണൻ, ഇവരുടെ ഭർത്താവും സംവിധായകനുമായ പൊൻവണ്ണൻ, കുട്ടി പത്മിനി തുടങ്ങിയവരാണ്. ‌ ഇപ്പോഴിതാ ചിത്രയുടെ മകളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി കുട്ടി പത്മിനി. മെഡിസിന് പഠിക്കുകയാണ് മഹാലക്ഷ്മിയിപ്പോൾ. മഹാലക്ഷ്മിക്ക് എന്ത് സഹായത്തിനും താനുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

ചിത്ര എന്റെ വലിയ സുഹൃത്തായിരുന്നില്ല. ഒരു വർഷത്തെ സൗഹൃദമാണ്. ആ ഒരു വർഷത്തിൽ ഞാനുമായി സംസാരിച്ചതിനാലാണ് മകളെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങൾ എനിക്ക് ന‌ടത്തിക്കൊടുക്കാൻ എനിക്കും പൊൻവണ്ണൻ സാറിനും കഴിഞ്ഞത്. അദ്ദേഹം സഹായിച്ചിരുന്നില്ലെങ്കിൽ ആ പെൺകുട്ടിയുടെ ജീവിതം അപക‌ടത്തിലായേനെ. ചിത്ര വീടിന്റെ താഴത്തെ ഭാ​ഗം വാടകയ്ക്ക് കൊടുത്തിരുന്നു. പൊൻവണ്ണൻ സർ എന്നെയും വിളിച്ച് അവരെയെല്ലാം ഇരുത്തി സംസാരിച്ചു.

ചിത്രയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം പോകാൻ പുതിയ എ​ഗ്രിമെന്റ് വെച്ചു. കോളേജിൽ സംസാരിച്ച് അവൾക്ക് സീറ്റ് വാങ്ങിക്കൊടുത്തു. ഇന്ന് അവൾ നല്ല രീതിയിൽ പഠിക്കുന്നു. മാസത്തിൽ രണ്ട് തവണ ഫോൺ വിളിച്ച് സംസാരിക്കും. അമ്മയു‌ടെ സ്ഥാനത്തിന് പകരമാവില്ല. പക്ഷെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനും ശരണ്യയും പൊൻവണ്ണൻ സാറും ചിത്രയുടെ ബന്ധുക്കളുമുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി. മഹാലക്ഷ്മിയുടെ പതിനെട്ടാം വയസിലാണ് ചിത്ര മരിക്കുന്നത്.