ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകളെ വധിച്ചു; ഒരു ജവാന് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിനിടെ ഒരു ജവാന് വീരമൃത്യു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. അബൂജ് മാണ്ഡിലെ വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം.

കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് മാവോയിസ്റ്റുകളുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാരായണ്‍പൂര്‍, ബീജാപൂര്‍ ജില്ല, ദന്തേവാഡ ജില്ലകള്‍ ഉള്‍പ്പെടുന്ന വനമേഖലയിലെ കുന്നിന്‍ പ്രദേശമാണ് അബൂജ് മാണ്ഡ്‌. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകള്‍ എത്തിച്ചേരാന്‍ കഴിയാത്തതുമായ ഈ പ്രദേശം മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനകേന്ദ്രമാണ്.

നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധദൗത്യത്തിനിടെയാണ് അബുജ്മര്‍ പ്രദേശത്തുവച്ച് വെടിവയ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.