ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം, രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് അസം മുഖ്യമന്ത്രി

ഗുവാഹത്തി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുവാഹത്തിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. പോലീസ് നഗരത്തിന് പുറത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കി.

അതേസമയം തങ്ങള്‍ നിയമലംഘനം ഒന്നും ചെയ്തിട്ടില്ലെന്നാണ് രാഹില്‍ വിഷയത്തില്‍ പ്രതികരിച്ചത്. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികമായ ചൊവ്വാഴ്ച അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി അസമിലെ ജോരാബാതില്‍ നിന്നും യാത്ര ആരംഭിച്ചത്. ഗുവാഹത്തി നഗരത്തിലേക്കുള്ള പ്രവേശന കവാടമായ ഖനപരയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്.

ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ എത്തുമ്പോള്‍ 5000 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം ഉണ്ടായിരുന്നത്. ഇത് അസമിന്റെ സംസ്‌കാരമല്ലെന്നും സമാധാനം നിറഞ്ഞ ഒരു സംസ്ഥാനമാണ് ഞങ്ങളുടെതെന്നും അസം മുഖ്യമന്ത്രി പ്രതികരിച്ചു.