സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ , രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ജമ്മുകാശ്മീരിലെ ബാരാമുള്ളയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടെ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്ന് രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ഇവരിൽ നിന്ന് എകെ 47 തോക്കും പിസ്റ്റളും ഉൾപ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു. കൂടുതൽ ഭീകരർ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ ഇന്ത്യയിൽ വീണ്ടും ആക്രമണം നടത്താൻ പദ്ധതിയിടുന്നു എന്നുള്ള റിപ്പോർട്ടിനെ തുടർന്ന് ജമ്മു കശ്മീരിൽ ജാഗ്രതാ നിർദേശംനൽകിയിട്ടുണ്ട്.

പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടാത്. ജി 20 സമ്മേളനത്തെ തടസപ്പെടുത്താനും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുമാണ് പൂഞ്ച് മാതൃകയിൽ മറ്റൊരു ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. തുടർന്ന് കേന്ദ്ര സർക്കാർ സുരക്ഷ കർശനമാക്കിയത്. ഈ മാസം ശ്രീനഗറിൽ ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇത് തടസപ്പെടുത്താനാണ് ഭീകരരുടെ ശ്രമം.