കൊലപാതകത്തിന് ശേഷം വസ്ത്രങ്ങൾ കത്തിച്ചു, ഫർഹാന വസ്ത്രം കത്തിച്ച സ്ഥലം കാണിച്ചുകൊടുത്തത് മാതാവ്

പാലക്കാട്. കോഴിക്കോട് സിദ്ദിഖിനെ കൊപ്പെടുത്തിയ ദിവസം പ്രതികള്‍ ധരിച്ച വസ്ത്രം ഫര്‍ഹാനയും മുഹമ്മദ് ഷിബിലിയും കത്തിച്ചതായി പോലീസ്. കൊലയ്ക്ക് ശേഷം പ്രതികള്‍ വസ്ത്രങ്ങള്‍ ഫര്‍ഹാനയുടെ വീടിന് പിന്‍വശത്ത് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തുമ്പോള്‍ പ്രതികളായ ഫര്‍ഹാനയും ഷിബിലിയും ധരിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവന്നു.

അതേസമയം ഫര്‍ഹാനയുടെ മാതാവ് വസ്ത്രം അലക്കാന്‍ എടുത്തപ്പോള്‍ വസ്ത്രം അലക്കേണ്ട കത്തിക്കണമെന്ന് പറഞ്ഞ് ഫര്‍ഹാന തിരികെ വാങ്ങി കത്തിക്കുകയായിരുന്നു. തെളിവെടുപ്പിനിടെ വസ്ത്രം കത്തിച്ച സ്ഥലം ഫര്‍ഹാനയുടെ മാതാവാണ് കാണിച്ച് കൊടുത്തത്. സ്ഥലത്ത് നിന്നും കത്തിക്കരഞ്ഞവസ്ത്ര അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. വീട്ടില്‍ പോലീസ് ഫര്‍ഹാനയുമായി എത്തുമ്പോള്‍ പിതാവും വീട്ടിലുണ്ടായിരുന്നു.

അതേസമയം സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ അട്ടപ്പാടി ചുരത്തില്‍ നിന്നും കണ്ടെത്തി. കേസിലെ പ്രതികളുമായി നടത്തിയ തിരച്ചിലിലാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിന്റെ ഫോണ്‍ ഇവിടെ ഉപോക്ഷിച്ചുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ചൊവ്വാഴ്ച രാവിലെയാണ് പോലീസ് കേസിലെ പ്രതികളായ ഷിബിലിയും ഫര്‍ഹാനയുമായി തെളിവെടുപ്പിന് എത്തിയത്.

അട്ടപ്പാടിയില്‍ എത്തിയ സംഘം പ്രതികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് മൃതദേഹം എങ്ങനെയാണ് കൊക്കയില്‍ തള്ളിയതെന്ന് പ്രതികള്‍ വിശദീകരിച്ചു. ആദ്യം 10-ാം വളവില്‍ മൃതദേഹം ഉപേക്ഷിക്കുവനായിരുന്നു പദ്ധതി. പിന്നീട് അത് വേണ്ടന്ന് വെച്ച് തിരികെ വരികയായിരുന്നുവെന്ന് പ്രതികള്‍ പറയുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ ഷിബില്‍, ഫര്‍ഹാന, ആഷിഖ് എന്നിവരാണ് പ്രതികള്‍.