മുഖ്യമന്ത്രി തുടർചികിത്സയ്‌ക്കായി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: തുടർചികിത്സകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. വിദേശകാര്യമന്ത്രാലയത്തോട് ഇതിന് വേണ്ടിയുള്ള അനുമതി തേടിയിരുന്നു. അമേരിക്കയിലെ മയോക്ളിനിക്കിലാണ് മുഖ്യമന്ത്രിയ്ക്ക് തുടർ ചികിത്സ. വരുന്ന ശനിയാഴ്‌ച അദ്ദേഹം യാത്ര പുറപ്പെടും. ഏപ്രിൽ 23 മുതൽ മേയ് മാസം വരെയാകും ചികിത്സ. ആരെല്ലാം മുഖ്യമന്ത്രിയെ അനുഗമിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മുൻപ് മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയാണ് അനുഗമിച്ചത്. മുഖ്യമന്ത്രിയ്‌ക്ക് പകരം ക്യാബിനറ്റ് യോഗത്തിൽ ആര് അദ്ധ്യക്ഷം വഹിക്കുമെന്നുള‌ള വിവരം വരുംദിവസങ്ങളിൽ അറിയാം. മൂന്നാം തവണയാണ് മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്‌ക്കായി പോകുന്നത്. 2018 ജനുവരി 11 മുതൽ 26 വരെയാണ് മയോക്ളിനിക്കിൽ ആദ്യമായി ചികിത്സ തേടിയത്.

അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തതിനാൽ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി ഈ സ്ഥാനത്തേക്ക് എത്തുന്നതായി സൂചനകളുണ്ടായിരുന്നു. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയം പി.ശശിയ്‌ക്കുണ്ട്.

മുഖ്യമന്ത്രിയുടെ ഇതുവരെയുള‌ള ചികിത്സയ്‌ക്കായി 29,82,039 രൂപ സർക്കാർ അനുവദിച്ച് ആദ്യം ഉത്തരവായി. എന്നാൽ ഈ ഉത്തരവിൽ മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ് എന്ന് വസ്‌തുതാപരമായി തെറ്റുണ്ടായതിനാൽ പൊതുഭരണം(അക്കൗണ്ട്സ്) വകുപ്പ് ഉത്തരവ് റദ്ദാക്കി. വൈകാതെ പുതുക്കിയ ഉത്തരവ് ഇറങ്ങുന്നതോടെ തുക അനുവദിക്കും.