രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയതായി പരാതി

തിരുവനന്തപുരം. രോഗി മരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ക്കു മര്‍ദനം. മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു. ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഐസിയുവില്‍നിന്ന് പുറത്തുവന്ന ഡോക്ടര്‍ മരണവിവരം രോഗിയുടെ ഭര്‍ത്താവിനെ അറിയിച്ചു.

പ്രകോപിതനായ ഭര്‍ത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തി. സുരക്ഷാ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരുക്കേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അക്രമത്തില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.

മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍മാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു. ഡോക്ടര്‍മാര്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.