രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ പങ്കെടുത്ത ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർ‌ജിക്കെതിരെ കോൺഗ്രസ്

ന്യൂഡല്‍ഹി. രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ അത്താഴവിരുന്നില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരായ നടപടികളെ ദുര്‍ബലപ്പെടുത്തുന്നതാണ് മമതയുടെ നടപടി എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മമത പരിപാടിയില്‍ പങ്കെടുത്തതില്‍ മറ്റ് എന്തെങ്കിലും കാരണമുണ്ടോ എന്നും കോണ്‍ഗ്രസ് നേതാവ് അഥിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.

അതേസമയം കോണ്‍ഗ്രസ് മമത ബാനര്‍ജിയെ ചില പ്രോട്ടോക്കോളുകള്‍ പാലിക്കുന്നത് സംബന്ധിച്ച് പഠിപ്പിക്കേണ്ടെന്ന് തൃണമുല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. പല പ്രതിപക്ഷ മുഖ്യമന്ത്രിമാരും വിട്ട് നിന്നപ്പോള്‍ മമത ബാനര്‍ജി ഒരു ദിവസം മുമ്പ് തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പമാണ് മമത പരിപാടിയില്‍ പങ്കെടുത്തത്.

അതേസമയം ചൗധരിയല്ല മുഖ്യമന്ത്രി എപ്പോള്‍ പോകണമെന്ന് തീരുമാനിക്കുന്നതെന്ന് തൃണമൂല്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.