‘കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര’ തുടങ്ങി, ഗോവയില്‍ ‘കോണ്‍ഗ്രന്റെ ഛോഡോ യാത്രയും.’

ഗോവയില്‍ കോൺഗ്രസിന്റെ അടിവേരിളക്കികൊണ്ട് 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനാണെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മൈക്കിള്‍ ലോബോ. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയും ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബുധനാഴ്ച ഗോവയിൽ ബിജെപിയില്‍ ചേര്‍ന്നത്.

സംസ്ഥാനത്ത് ഇതോടെ കോണ്‍ഗ്രസിന് മൂന്ന് എംഎല്‍എമാര്‍ മാത്രമായി. ദിഗംബര്‍ കാമത്ത്, മൈക്കിള്‍ ലോബോ, ദെലീല ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലക്സോ സെക്വീര, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭരണകക്ഷിയില്‍ ചേര്‍ന്നതിന് പിറകെ ‘ഗോ ഗോവ ഗോണ്‍’ എന്നാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല ട്വീറ്റ് ചെയ്തത്.

എംഎല്‍എമാര്‍ തുടർന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തി. ‘ഇന്ന് ബിജെപിയില്‍ ചേര്‍ന്ന 8 എംഎല്‍എമാരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര’ ആരംഭിച്ചു, എന്നാല്‍ ഗോവയില്‍ ‘കോണ്‍ഗ്രസ് ഛോഡോ യാത്ര’ ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ആളുകള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയാണ്’ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

‘ഓപ്പറേഷന്‍ താമര ഗോവയില്‍ വിജയിച്ചു. നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമ്പോള്‍ ഭാവിയിലെ ബിജെപി എംഎല്‍എയെയാണ് തിരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ് അവസാനിച്ചു, അന്ത്യവിശ്രമത്തിലാണ്’ സംഭവവികാസത്തോട് പ്രതികരിച്ച് എഎപി നേതാവ് രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. 40 അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിന് 11 നിയമസഭാംഗങ്ങളും ബിജെപിക്ക് 20 അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. 2019 ജൂലൈയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറിയിരുന്നു.