കോൺഗ്രസ് മാനസിക പാപ്പരത്തം കൈവരിച്ചു – ബിജെപി അധ്യക്ഷൻ ജെപി നദ്ദ

ബംഗളുരു. കോൺഗ്രസ് മാനസിക പാപ്പരത്തത്തിലായെന്നും ജനാധിപത്യത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത ഇനി ഇല്ലെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള എതിർപ്പിന്റെ ഭാഗമായി കോൺഗ്രസ് രാജ്യത്തെ തന്നെ എതിർക്കുകയാണെന്ന് ആരോപിച്ച ബിജെപി അധ്യക്ഷൻ അടുത്തിടെ രാജ്യവ്യാപകമായി സമാപിച്ച ഭാരത് ജോഡോ യാത്രയെ ഇന്ത്യയെ നശിപ്പിക്കുന്ന കാൽനട യാത്ര എന്നും വിശേഷിപ്പിക്കുകയുണ്ടായി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുകെയിൽ അടുത്തിടെ നടത്തിയ പ്രസംഗത്തെ പേരെടുത്തു പറയാതെ ബിജെപി അധ്യക്ഷൻ പറഞ്ഞത് ഇങ്ങനെ: രാജ്യത്ത് അടുത്തിടെ നടത്തിയ ഭാരത് ജോഡോ യാത്രയിൽ ആരും അദ്ദേഹത്തെ കേൾക്കാൻ തയ്യാറായില്ല, അതിനാൽ അദ്ദേഹം ഇംഗ്ലണ്ടിൽ പോയി പ്രസംഗിക്കുന്നു.’ഇവർ (കോൺഗ്രസ്) മോദിയെ എതിർക്കുന്നതിനിടയിൽ, ഇപ്പോൾ രാജ്യത്തെ എതിർക്കാൻ തുടങ്ങിയിരിക്കുന്നു. അവർ ഭാരത് ജോഡോ യാത്ര ആരംഭിച്ചു, പക്ഷേ അത് ഭാരത് ടോഡോ യാത്രയായി (രാജ്യത്തെ നശിപ്പിക്കുന്ന യാത്ര)’ ജെപി നദ്ദ പറഞ്ഞു.

ജനാധിപത്യത്തിൽ വാദങ്ങളും കണക്കുകളും മുൻനിർത്തി പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമുണ്ട്. എന്നാൽ, കോൺഗ്രസ് മാനസിക പാപ്പരത്തം കൈവരിച്ചിരിക്കുന്നു. പ്രധാനമന്ത്രി മോദിക്കെതിരെ മോശം ഭാഷ അവർ ഉപയോഗിക്കുന്നു – നദ്ദ ആരോപിച്ചു. ഇത്തരക്കാരെ വീട്ടിൽ ഇരുത്തണം. ഇത്തരം രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യതയില്ല. ജനാധിപത്യത്തിൽ ഇങ്ങനെയല്ല പ്രവർത്തിക്കുന്നത്’ കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന വിജയ സങ്കൽപ യാത്രയുടെ ഭാഗമായി ബെംഗളൂരുവിലെ കെആർ പുരം നിയമസഭാ മണ്ഡലത്തിൽ സംഘടിപ്പിച്ച മെഗാ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷൻ.

അഴിമതി, കുടുംബവാഴ്‌ച, ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം, കമ്മീഷൻ, ജാതീയത, വർഗീയത എന്നിവയിൽ വിശ്വസിക്കുന്നവരാണ് ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായ ജെഡി(എസും) കോൺഗ്രസം – നദ്ദ പറഞ്ഞു.’ജെഡി(എസ്) കുടുംബവാഴ്‌ചയിൽ വിശ്വസിക്കുന്നു, അതേസമയം കോൺഗ്രസ് ഒരു കുടുംബ കമ്പനിയാണ്. അതുപോലെ കോൺഗ്രസ് നേതാക്കൾ മുതൽ താഴെ വരെ അഴിമതിയിലും കമ്മീഷനിലും പെട്ട് ജാമ്യത്തിലാണ്. അതുപോലെ ജെഡി(എസ്)നും അഴിമതിയിൽ പങ്കുണ്ട്’ ഇരുകൂട്ടരും സഹോദരങ്ങളെപ്പോലെയാണെന്നും ജെഡി(എസ്)ന് വോട്ട് ചെയ്യുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും, കോൺഗ്രസിന് വോട്ട് ചെയ്യുന്നത് അഴിമതിയെ ശക്തിപ്പെടുത്തലാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

കോൺഗ്രസും ജെഡിഎസും, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ കേസുകൾ പിൻവലിക്കുകയും 1,700 ഓളം പ്രവർത്തകരെ ജയിലിൽ നിന്ന് വിട്ടയക്കുകയും ചെയ്‌തുവെന്ന് നദ്ദ പറഞ്ഞു, കർണാടകയിൽ വർഗീയ വിദ്വേഷം സൃഷ്‌ടിച്ച പിഎഫ്‌ഐയെ ഇരു പാർട്ടികളും പിന്തുണച്ചിരുന്നു, എന്നാൽ ഇന്ന് രാജ്യത്തുടനീളം അവരെ നിരോധിച്ചിരിക്കുന്നു – ബിജെപി അധ്യക്ഷൻ പറഞ്ഞു.