രാജ്യത്ത് 29164 പേര്‍ക്ക് കൂടി കോവിഡ്; നാലു മാസത്തിനിടെ ഇത് ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

രാജ്യത്ത് ആശ്വാസസൂചകമായി കോവിഡ് ബാധിതതരുടെ എണ്ണം കുറയുന്നു. 29,164 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കു പ്രകാരം നാലുമാസത്തിനിടെ ഇതാദ്യമായാണ് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മുപ്പതിനായിരത്തിനു താഴെ എത്തുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി. 1,30,519 പേരാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്.

രാജ്യത്ത് 4,53,401 സജീവകേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,791 പേര്‍ കോവിഡ് മുക്തരായി. ഇതോടെ 82,90,371 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്. നവംബര്‍ 16 വരെ 12,65,42,907 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 8,44,382 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം പ്രതിദിന കേസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. 24 മണിക്കൂറിനിടെ 3,797 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 99 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മൂന്നാം ഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 60 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 46,000 കടന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നില്‍. ഹരിയാനയില്‍ 2153, ബംഗാളില്‍ 3012, രാജസ്ഥാനില്‍ 2169 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.