കോവിഡ് ബാധിക്കുമെന്ന ഭയം; മൂന്ന് കൊല്ലം വീട്ടിനുള്ളില്‍ കഴിഞ്ഞ് അമ്മയും മകനും

ചണ്ഡീഗഡ്: കോവിഡ് ബാധിക്കുമെന്ന ഭയത്താൽ മൂന്ന് കൊല്ലമായി വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുവന്ന മുപ്പത്തിമൂന്നുകാരിയേയും മകനേയും ചൊവ്വാഴ്ച പോലീസ് സംഘമെത്തി പുറത്തിറക്കി. ഹരിയാണ ഗുരുഗ്രാമിലെ ചക്കര്‍പുരി വിചിത്രമായ സംഭവം ഉണ്ടായത്. കോവിഡിനെ ഭയന്ന് യുവതി പത്തുവയസുള്ള മകനുമായി ‘ഏകാന്തവാസ’ത്തില്‍ കഴിയുകയായിരുന്നു.

സംഭവം അറിഞ്ഞ് പോലീസ് സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗങ്ങളും എത്തി വീടിന്റെ പ്രധാനവാതില്‍ തകര്‍ത്താണ് മുന്‍മുന്‍ മാജി എന്ന യുവതിയേയും മകനേയും പുറത്തെത്തിച്ചത്. യുവതിയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ട്. കുഞ്ഞിനെ റോഹ്ത്തക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍മുന്നിന്റെ ഭര്‍ത്താവ് സുജന്‍ മാജി സഹായം തേടി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

സ്വകാര്യകമ്പനിയില്‍ എന്‍ജിനീയറാണ് സുജന്‍. കോവിഡ് വ്യാപനത്തേക്കുറിച്ചുള്ള ഭീതി മൂലം ഭർത്താവിനെ അടക്കം പുറത്താക്കി മുന്‍മുന്‍ വീടിനുള്ളില്‍ ഏകാന്തവാസം ആരംഭിക്കുകയായിരുന്നു. എന്നാണ് വിവരം. 2020-ല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ആദ്യം ഇളവുവരുത്തിയപ്പോള്‍ ജോലിയ്ക്ക് പോയ ഭര്‍ത്താവിനെ പിന്നീട് മുന്‍മുന്‍ വീടിനുള്ളില്‍ പ്രവേശിപ്പിച്ചില്ല.

ഇതോടെ ആദ്യത്തെ കുറച്ചുദിവസങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം കഴിഞ്ഞ സുജന്‍ ഭാര്യയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെ ഭാര്യയും മകനും താമസിക്കുന്നതിന് സമീപത്തുതന്നെ മറ്റൊരു വീട് വാടകയ്ക്കെടുത്ത് താമസമാരംഭിക്കുകയും ചെയ്തു. വീഡിയോകോളിലൂടെ മാത്രമായിരുന്നു ഭാര്യയും മകനുമായുള്ള ആശയവിനിമയം. വീടിന്റെ വാടക, വൈദ്യുതിബില്‍ തുടങ്ങിയവ സുജന്‍ മുടങ്ങാതെ നല്‍കി. ഭാര്യയ്ക്കും മകനും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി വീടിനുപുറത്ത് വെച്ചുമടങ്ങുകയായിരുന്നു.