കോവിഡ് ഇപ്പോഴും പടർന്നു കൊണ്ടിരിക്കുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ജനീവ: ആ​ഗോളതലത്തിൽ കോവിഡ് കേസുകൾ കുറയുകയാണെങ്കിലും ഇന്ത്യയുൾപ്പെടെ പല ഇടങ്ങളിലും ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് നിരക്കുകൾ വർധിക്കുകയാണ്. കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും കൂടിവരികയാണെന്നും മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന.

കഴിഞ്ഞയാഴ്ച പതിനയ്യായിരത്തോളം കൊറോണ അനുബന്ധ മരണങ്ങളാണ് ലോകാരോ​ഗ്യ സംഘടനയ്ക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എങ്കിലും കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പ് നൽകുകയാണ് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ​ഗിബ്രിയൂസിസ്.

പല രാജ്യങ്ങളും ടെസ്റ്റുകളുടെ കാര്യത്തിൽ പിന്നോട്ടു പോയി, അതിനാൽ തന്നെ വ്യാപനം സംബന്ധിച്ച് വളരെ കുറച്ചു വിവരങ്ങളേ ലോകാരോ​ഗ്യ സംഘടനയുടെ മുമ്പാകെ ലഭിക്കുന്നുള്ളു എന്നും അധികൃതർ അറിയിച്ചു. രാജ്യങ്ങൾ ടെസ്റ്റുകൾ കുറച്ചു എന്നു കരുതി വൈറസ് പോകില്ല, അത് ഇപ്പോഴും പടർന്നു കൊണ്ടിരിക്കുകയാണ്. അതിന് ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്, അത് ഇപ്പോഴും കൊന്നു കൊണ്ടിരിക്കുകയാണ്- ടെഡ്രോസ് പറഞ്ഞു.