ആശങ്കയൊഴിയുന്നില്ല; രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിനവും 4 ലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകള്‍

ദില്ലി: ആശങ്കയേറ്റി രാജ്യത്തെ കൊവിഡ് കണക്കുകള്‍. തുടര്‍ച്ചയായ നാലാം ദിനവും രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 4 ലക്ഷത്തിന് മുകളില്‍ തന്നെ തുടരുകയാണ്. 24 മണിക്കൂറില്‍ 4,03,738 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 4,092 മരണവും റിപ്പോര്‍ട്ട് ചെയ്തു. 37,36,,648 പേരാണ് ചികിത്സയില്‍ ഉള്ളത്. 2,42,362 ആളുകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 53,605 പുതിയ കേസുകളും, 864 മരണവും റിപ്പോര്‍ട്ട് ചെയ്തു. 298 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 26,847 പേര്‍ക്കാണ് കോവിസ് ബാധിച്ചത് .

തമിഴ്‌നാട്ടില്‍ 27,397 പുതിയ കേസുകളും 241 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ 20,065 പേര്‍ക്കും ബംഗാളില്‍ 19,436 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബെംഗാളില്‍ റെക്കോര്‍ഡ് പ്രതിദിന വര്‍ധനയാണ് രേഖപ്പെടുത്തിയത്. 17,364പേരാണ് ദില്ലിയില്‍ കോവിഡ് പോസിറ്റീവ് ആയത്. 332 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. രാജസ്ഥാനില്‍ 17,987 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 47,563 പേര്‍ക്കാണ് കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ലോക്ഡൗന്‍ തുടരുന്നു. കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗന്‍ അടക്കമുള്ള നിയന്ത്രങ്ങളിലേക്ക് നീങ്ങുന്നതിനിടെ സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി.