സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച രാവിലെ പാലക്കാട്ടുവെച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനില്‍നിന്ന് അദ്ദേഹം ബി.ജെ.പി. അംഗത്വം സ്വീകരിച്ചു.

ജോര്‍ജ് തച്ചമ്പാറ, തച്ചമ്പാറ പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരംസമിതി അംഗമാണ്. അദ്ദേഹം നാലാംവാര്‍ഡായ കോഴിയോടില്‍നിന്നാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ആറ് അംഗങ്ങള്‍ വീതമാണുള്ളത്. എല്‍.ഡി.എഫ്. അംഗമായിരുന്ന പി.സി. ജോസഫ് അന്തരിച്ചതോടെയാണ് ഇരുമുന്നണികള്‍ക്കും തുല്യനില വന്നത്. 14 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ മറ്റൊരംഗം സ്വതന്ത്രനാണ്.

എല്‍.ഡി.എഫില്‍ സി.പി.എമ്മിന് അഞ്ചും സി.പി.ഐ.ക്ക് ഒന്നും എന്നതാണ് നിലവിലെ കക്ഷിനില. ഇടക്കാലത്ത് സി.പി.ഐ.യ്ക്ക് പ്രസിഡന്റ് സ്ഥാനമെന്ന ആവശ്യമുയര്‍ന്നിരുന്നെങ്കിലും ജില്ലാനേതൃത്വം അനുകൂല നിലപാടെടുത്തിരുന്നില്ല. പഞ്ചായത്തിലെ ഇടതുമുന്നണിയിലെ അസ്വാരസ്യം മുതലെടുക്കാന്‍ യു.ഡി.എഫ്. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും സി.പി.ഐ. അംഗത്തിന് പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു.

വിപ്പ് അനുസരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നതായി ജില്ലാനേതൃത്വം വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനുശേഷവും സി.പി.ഐ.യ്ക്ക് പ്രസിഡന്റ് പദവിയെന്ന ആവശ്യം പ്രാദേശികമായി ഉയര്‍ന്നിരുന്നെന്നാണ് സൂചന. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജോര്‍ജ് തച്ചമ്പാറയുടെ രാജി.