മുഖ്യമന്ത്രിക്കില്ലാത്ത പരാതിയുമായി സി പി എം രംഗത്ത് ; അപവാദ പ്രചാരണങ്ങളിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ നടപടി വേണം

തളിപ്പറമ്പ് : സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതിയുമായി സി പി എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരായ അപവാദ പ്രചാരണങ്ങളിൽ നടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നിരന്തരമായി ഗുരുതര ആരോപണങ്ങൾ സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു. എന്നാൽ ഇതിലൊന്നും പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ മുഖ്യമന്ത്രി പിണറായി വിജയൻ ഒരടി പോലും മുന്നോട്ടുവെച്ചില്ല. ഇത് ഏറെ വിമർശനങ്ങൾക്കും മുഖ്യമന്തിക്ക് സ്വപനയുമായി മുൻപ് ബന്ധം ഉണ്ടായിരുന്നു എന്ന സംശയങ്ങൾക്കും ഭലം നൽകി.

കെ സന്തോഷ് നൽകിയ പരാതിയിൽ വ്യാജരേഖ ചമച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു. തളിപ്പറമ്പ് എസ് എച്ച് ഒ കെ ദിനേശനാണ് പരാതി സ്വീകരിച്ചത്. പരാതി കിട്ടിയിട്ടുണ്ടെന്നും നിയമോപദേശം കിട്ടിയ ശേഷം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം എം വി ഗോവിന്ദനെതിരെ ആരോപണം ഉന്നയിച്ചതിന് മാപ്പുപറയില്ലെന്ന് സ്വപ്ന സുരേഷ് ഇന്നലെ ബംഗളൂരുവിൽ പറഞ്ഞിരുന്നു. ‘ഞാൻ മാപ്പുപറയണമെന്നാണ് ആവശ്യപ്പെടുന്നത്. മാപ്പുപറയണമെങ്കിൽ ഞാൻ ഒരിക്കൽക്കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ .

എന്റെ ഭാഗത്തുനിന്ന് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ട‌ീസ് കിട്ടിക്കഴിഞ്ഞാൽ എന്റെ വക്കീൽ അതിനുള്ള ഉത്തരം നിങ്ങൾക്ക് നൽകിയിരിക്കും. തിരുവനന്തപുരം മുതൽ കാസർകോടുവരെ നിങ്ങൾ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ അടങ്ങില്ല- എന്നാണ് സ്വപ്ന പറഞ്ഞത്.