ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അപ്രസക്തമാക്കുന്ന ഇടതുപക്ഷം; സ്വജനപക്ഷപാതവും തിരുകി കയറ്റലും തിരിച്ചടി നൽകി, ബംഗാളും ത്രിപുരയും വരെ കൈവിട്ട് പോയി

നാൾക്കുനാൾ ഇടതുപക്ഷത്തിന്റെ തിളക്കം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മങ്ങുകയാണ്. ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ദീർഘകാലം ഭരിച്ച സിപിഎമ്മും ഇടതുപക്ഷവും പഞ്ചാബ്, ആന്ധ്ര, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുണ്ടായിരുന്നു. ബംഗാളിലും ത്രിപുരയിലും നീണ്ട കാലം ഭരിച്ച ഇടതുപക്ഷം അവിടങ്ങളിലെല്ലാം ഇന്ന് അപ്രസക്തമായതെങ്ങനെയെന്ന് ചിന്തിക്കേണ്ടതുണ്ട്. ഭരണത്തിന്റെ സ്വാധീനത്തിൽ ക്രിമിനലുകൾ അഴിഞ്ഞാടി. സ്വജനപക്ഷപാതവും അഴിമതിയെല്ലാം ആവോളം അരങ്ങേറി.

എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. എതിർശബ്ദമുയർന്നാൽ സഖാക്കളുടെ ഭീഷണിയും മർദ്ദനവും.അതിന്റെയെല്ലാം ഫലമാണ് മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളും കാൽ നൂറ്റാണ്ട് അധികാരത്തിലുണ്ടായിരുന്ന ത്രിപുരയും കൈവിട്ട് പോയത്. തിരഞ്ഞെടുപ്പിൽ ജയവും തോൽവിയുമെല്ലാം സ്വാഭാവികമാണ്. എന്നാൽ ഒരൊറ്റ തിരഞ്ഞെടുപ്പ് തോൽവിയോടെ പാർട്ടി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഇരു സംസ്ഥാനങ്ങളിലും കണ്ടത്.

ഇന്ന് ബംഗാളിൽ പല പാർട്ടി ഘടകങ്ങളും ഇല്ലാതായി. പാർട്ടി ഓഫീസുകൾ കാലിത്തൊഴുതാക്കുന്ന കാഴ്‌ച്ചയും കണ്ടു. ത്രിപുരയിലും സമാനമായ അവസ്ഥയാണ് പാർട്ടിക്കുണ്ടായത്. 2017ൽ ബിജെപി അധികാരത്തിലെത്തിയതോടെ സിപിഎം സംസ്ഥാനത്ത് വൻ തിരിച്ചടികൾ നേരിടുകയായിരുന്നു. പഴയ സിപിഎം പ്രവർത്തകരെ നാട്ടുകാർ നേരിൽ കണ്ടാൽ ആക്രമിക്കുന്ന സ്ഥിതയുണ്ടായി. അഗർത്തലയിലെ സിപിഎം സംസ്ഥാന ഓഫീസ് നാട്ടുകാർ തീയിട്ടു. പിന്നീട് തദ്ദേശ സ്വയം ഭരണസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ഒന്നാകെ ഒലിച്ചു പോകുന്ന അവസ്ഥയാണുണ്ടായത്.

ബംഗാളിൽ പാർട്ടി ഭരണം ഇല്ലാതായതോടെ ഒരു കാലത്ത് സിപിഎമിന്റെ കൂടെ നിന്നിരുന്ന ഗുണ്ടകൾ എതിർവിഭാഗമായ തൃണമൂലിലേക്ക് ചേക്കേറി. ഇവർ മുമ്പ് കൂടെ പ്രവർത്തിച്ചിരുന്നവരെയും നേതാക്കളെയും ആക്രമിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കേരളത്തിൽ തുടർഭരണം കിട്ടിയതോടെ സിപിഎം എല്ലാം പാർട്ടിയുടെ കീഴിലാക്കാനുളള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. പിഎസ്സിയെ നോക്കുകുത്തിയാക്കി സർക്കാർ ജോലികൾ എല്ലാം പാർട്ടികാർക്ക് മാത്രം ലഭിക്കുന്ന അവസ്ഥയാക്കി. സർവകലാശാലകളിലെ നിയമനങ്ങളിൽ പാർട്ടി നേതാക്കളുടെ ഭാര്യമാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വെറുതെ വിടുന്നില്ല. അവിടെയും ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെയും ബന്ധുക്കളുടെയും തിരുകി കയറ്റൽ സജീവമാണ്. നാട്ടിൽ വ്യവസായങ്ങൾ തുടങ്ങുന്ന പ്രവാസികൾ അടക്കമുളളവരെ ഭീഷണിപ്പെടുത്തി ഓടിക്കുന്ന ട്രേഡ യൂണിയനിസം മൂലം നിക്ഷേപകർ കേരളത്തെ കൈയ്യൊഴിയാൻ തുടങ്ങി. സർവകലാശാലകളിലെ അക്കാദമിക് തകർച്ച മൂലം കേരളത്തിൽ നിന്ന് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ഒഴുക്കുകയാണ്.

പാർട്ടി പിൻബലത്തിൽ മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുകയാണ്. സ്‌കൂൾ വിദ്യാർഥികൾ അടക്കമുളള യുവ തലമുറയെയാണ് ഇക്കൂട്ടർ ലക്ഷ്യം വയ്‌ക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുമ്പോൾ കേരളത്തിന്റെ പോക്കും ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് തന്നെയെന്ന് സാമൂഹിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.