ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട് നിന്ന് ശശി തരൂരും പാലസ്തീനെ ആക്രമിക്കുന്നുവെന്ന് എം സ്വരാജ്

കോഴിക്കോട് : ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ലോകജനത ഇസ്രായേൽ ജനതയ്‌ക്കൊപ്പമാണ്. എന്നാൽ ഭീകരവാദത്തെ അനുകൂലിക്കുന്നവർ ഹമാസിനെ പുകഴ്ത്തുകയാണ്. കേരളത്തിലും ഇതാണ് അവസ്ഥ. ഹമാസിനെ അനുകൂലിക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗും സമസ്തയും സിപിഎമ്മുമെല്ലാം കൈക്കൊണ്ടിരിക്കുന്നത്. സത്യത്തിന് മേൽ പുകമറ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് നടത്തിയ ഹമാസ് അനുക്കൂല പരിപാടിക്കിടെ ശശി തരൂർ ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിൽ അരിശംകൊള്ളുകയാണ് കേരളത്തിലെ സിപിഎമ്മുകാർ.

കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗിന്റെ ചെലവിൽ ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുകയാണെന്ന് സി.പി.എം നേതാവ് എം.സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പാലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് “ഭീകരവാദികളുടെ അക്രമ”ണമാണെന്ന് ഡോ.ശശി തരൂർ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രായേലിന്റേത് “മറുപടി ” യും ആണത്രെ .വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം.

ഒക്ടോബർ ഏഴാം തീയതിയിലല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്‌ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പാലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണ് – എന്നും എം സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .