ദിലീപിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കാനൊരുങ്ങുന്നു.

കൊച്ചി/ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കാനൊരുങ്ങുന്നു. ക്രൈംബ്രാഞ്ച് ഈ ആവശ്യം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സുരാജ്, ശരത് , ഡോക്ടര്‍ ഹൈദരാലി എന്നിവരുടെ ശബ്ദസാംപിളും പരിശോധിക്കണം എന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരിക്കുന്നത്. അതുകൊണ്ട് ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിന് ആയി ശബ്ദ സാംപിള്‍ പരിശോധിക്കണം എന്നാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന ആവശ്യം. ദിലിപിന്റെ സഹോദരന്‍ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണം എന്ന ആവശ്യവും കോടതിയില്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചിരിക്കുകയാണ്.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുള്ള ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയതി കണ്ടെത്തണം എന്ന് കോടതി പറഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് തുടരന്വേഷണം നടക്കുന്നതെന്നത് കണക്കിലെടുക്കണം എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ, ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചരണ കോടതിയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 28നാണ് ഇതില്‍ വിധി പറയുന്നത്. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നത് കൊണ്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്‍ വാദത്തിൽ പറഞ്ഞത്.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ വീട്ടുജോലിക്കാരനായ ദാസന്‍, മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ എന്നിവരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ താനോ തന്റെ കക്ഷി ദിലീപോ ശ്രമിച്ചെന്ന് തെളിയിക്കാനുള്ള വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷന്റെ പക്കല്‍ ഇല്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍ പിള്ള കോടതിയിൽ പറയുകയുണ്ടായി. മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ പറയുന്ന സമയത്ത് ദിലീപ് ജയിലില്‍ ആണെന്നും ദിലീപിന്റെ വീട്ടുജോലിക്കാരനായ ദാസനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും അഡ്വ. രാമന്‍പിള്ള കോടതിയെ അറിയിച്ചു.

2017 ഫെബ്രുവരി 17ന് രാത്രി ആണ് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെടുന്ന വിവാദമായ സംഭവം നടക്കുന്നത്. പള്‍സര്‍ സുനി ഉള്‍പ്പെടെ ഉള്ള പ്രതികളെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായി രുന്നു. പിന്നീടാണ് പ്രതികളുമായി ദിലീപിന് ബന്ധമുണ്ടെന്ന് ആരോപണം ഉണ്ടാവുന്നത്. ഇതിന് പിറകെ ജൂലൈ 10ന് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ആണ് ഉണ്ടായത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ഹൈക്കോടതിയിൽ ജാമ്യം നേടി പുറത്തിറങ്ങുന്നത്.

കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നിങ്ങനെ ഉള്ള നിബന്ധനകള്‍ ജാമ്യം കൊടുക്കുമ്പോൾ ഹൈക്കോടതി പറഞ്ഞിരുന്നതാണ്. വിദേശയാത്രയ്ക്കുള്ള നിയന്ത്രണത്തില്‍ കോടതി പിന്നീട് ദിലീപിന് ഇളവ് അനുവദിക്കുകയുമുണ്ടായി. കേസിന്റെ തുടന്വേഷണം നിര്‍ത്താന്‍ ഒരു ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നു. പിന്നീട് തുടരന്വേഷണത്തിനുള്ള സമയം ക്രൈം ബ്രാഞ്ച് നീട്ടി ചോദിക്കുകയാണ് ഉണ്ടായത്.