ധനകോടി ചിട്ടി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും, വിവിധ ജില്ലകളിലായി നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് 20 കോടി

വയനാട്. ധനകോടി ചിറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന്. സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിനെതിരെ 104 കേസുകളാണ് രണ്ട് ജില്ലകളിലായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. 42 കേസുകള്‍ വയനാട്ടിലും 62 കേസുകള്‍ കണ്ണൂരിലുമാണ്.

സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച പലര്‍ക്കും കാലാവധി പൂര്‍ത്തിയായിട്ടും പണം തിരികെ ലഭിച്ചില്ല. ഇതോടെ നിക്ഷേപകര്‍ വിവിധ സ്ഥാപനങ്ങളില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചിട്ടിക്കമ്പനിയുടെ എംഡി അടക്കം പോലീസ് പിടിയിലായി. കമ്പനി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലായി 20 കോടിയാണ് നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ളത്.

നിലവില്‍ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടഞ്ഞ് കിടക്കുകയാണ്. ജീവനക്കാര്‍ക്കും ശമ്പംളം നല്‍കുവാനുണ്ട്. വിവിധ ബ്രാഞ്ചുകളില്‍ ഇടപാടുകാര്‍ കളക്ഷന്‍ ഏജന്റുമാരെയും മറ്റ് ജീവനക്കാരെയും പിടിച്ച് വെച്ച് പണം ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്ക് പണം നല്‍കാതെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഒളിച്ചോടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.