നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം. നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.എഡിജിപി എംആര്‍ അജിത് കുമാര്‍ ആണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. ആദ്യ അന്വേഷണത്തിലെ വീഴ്ചകളും തുടര്‍ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി ജെകെ ദിനില്‍ കമ്മിഷണര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്വേഷണം. കൊലപാതകമെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നത്. പ്രത്യേക അന്വേഷണ സംഘം ഉടന്‍ രൂപീകരിക്കും. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനയെ 2019 ഫെബ്രുവരി 24നാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി കുറ്റിയിട്ടിരുന്നതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പോലീസ്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തു ഞെരിഞ്ഞതാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തല്‍. ദിവസങ്ങള്‍ക്കു മുന്‍പ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ആദ്യം അന്വേഷിച്ച മ്യൂസിയം പോലീസ് തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. നയനയുടെ കഴുത്തില്‍ ഏഴിടത്ത് ക്ഷതം ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനുപുറമെ വയറിന്റെ ഇടതുഭാഗത്തും മധ്യഭാഗത്തും ക്ഷതം ഉണ്ട്. വൃക്കയുടെയും പാന്‍ക്രിയാസിന്റെയും മുകള്‍ഭാഗത്തും ക്ഷതം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉണര്‍ത്തുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണമായി പറയുന്നത് കഴുത്തിന് ഏറ്റ ക്ഷതമാണ്. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്നതിലാണ് ആശയക്കുഴപ്പം.

അകത്തുനിന്ന് പൂട്ടിയ മുറിയില്‍ നടന്ന മരണം ആയതിനാല്‍ കൊലപാതക സാധ്യത പോലീസ് ആദ്യമേ തള്ളിക്കളയുകയായിരുന്നു. കഴുത്തിലെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെയും ക്ഷതത്തിന്റെ കാരണം കണ്ടെത്താനുള്ള പോലീസിന്റെ ശ്രമത്തിലാണ് സ്വയം പീഡിപ്പിക്കുന്ന മാനസികാവസ്ഥയെന്നു കാരണം കണ്ടെത്തിയത്.