ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കെ. സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും രൂക്ഷവിമര്‍ശനം

കൊച്ചി: ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. വിമര്‍ശനം ഉയര്‍ന്നത് ഫണ്ട് വിവാദം,തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിലാണ്. ഒരു വിഭാഗം നേതാക്കളെ പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്താതെ ഇരുട്ടത്ത് നിര്‍ത്തിയെന്ന ഗുരുതര ആരോപണമാണ് ഇന്ന് യോഗത്തില്‍ ഉയര്‍ന്നത്.

കൃഷ്ണദാസ് പക്ഷം തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുള്ള കാര്യങ്ങളില്‍ പാളിച്ചയുണ്ടായെന്ന് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ എല്ലാ തീരുമാനങ്ങളും സംസ്ഥാന അധ്യക്ഷനും, കേന്ദ്രമന്ത്രിയും സംഘടനാ സെക്രട്ടറിയും മറ്റും ചേര്‍ന്നെടുക്കുകയാണ്ത് ചെയ്തത്. രണ്ട് മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും സമഗ്രമായ അഴിച്ചു പണി പാര്‍ട്ടിയില്‍ ആവശ്യമാണെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ പ്രതിച്ഛായയെ കൊടകര കള്ളപ്പണ വിവാദം അടക്കമുള്ള വിഷയങ്ങള്‍ കളങ്കപ്പെടുത്തിയെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്ഥാന അധ്യക്ഷന്‍റെയും മറ്റും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തതെന്നും അതിനാല്‍ പാളിച്ചകള്‍ സംഭവിച്ചെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.