ഗംഗാനദിയിൽ 14-കാരനെ മുതല കടിച്ചുകൊന്നു, പിടികൂടി തല്ലികൊന്ന് നാട്ടുകാർ 

പട്‌ന : ഗംഗാനദിയിൽ കുളിക്കാനിറങ്ങിയ 14-കാരനെ കടിച്ചുകൊന്നു. ബിഹാര്‍ സ്വദേശിയായ അങ്കിത് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. തുടർന്ന് മുതലയെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പിടികൂടി തല്ലിക്കൊന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ബിഹാറിലെ വൈശാഖ് സ്വദേശിയായ അങ്കിത് കുമാറിന്‍റെ കുടുംബം പുതുതായി ഒരു ബൈക്ക് വാങ്ങിയിരുന്നു. ഇതിനേത്തുടർന്നുള്ള പൂജകൾക്കായാണ് അങ്കിത് കുമാർ അടക്കമുള്ളവർ ഗംഗാനദിയിൽ എത്തിയത്.

പിന്നാലെ കുളിക്കാനായി ഗംഗയിൽ ഇറങ്ങി. വളരെപ്പെട്ടെന്നായിരുന്നു കുട്ടിക്ക് നേരെ മുതലയുടെ ആക്രമണമുണ്ടായത്. അങ്കിതിനെ മുതല നദിയുടെ അടിത്തട്ടിലേക്ക് വലിച്ചു കൊണ്ടുപോയ ശേഷം കടിച്ചു കീറി കൊല്ലുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് അങ്കിതിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

പ്രകോപിതരായ കുടുംബാംഗങ്ങളും പ്രദേശവാസികളുമുള്‍പ്പെടെയുള്ള മറ്റുള്ളവരും ചേര്‍ന്ന് മുതലയെ പിടികൂടി കരയ്ക്കുകയറ്റിയ ശേഷം തല്ലിക്കൊല്ലുകയായിരുന്നു. മുതലയെ കൊന്നവര്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വൈശാലി ഡിഎഫ്ഒ അമിത് രാജ് പ്രതികരിക്കുകയുണ്ടായി.