പോലീസുകാരന്റെ മകള്‍ക്ക് വൃക്ക ദാനം ചെയ്ത് പുതു ജീവനേകി പ്രതി

കൊല്ലം: നന്മയുടെ വഴി അത് എല്ലാവരിലുമുണ്ട്. ചിലര്‍ക്ക് അത് തിരിച്ചറിയാന്‍ കുറച്ച് സമയം എടുക്കുമെന്ന് മാത്രം. ഇരു വൃക്കകളും തകരാറില്‍ ആയെന്ന് അറിഞ്ഞ് ഇനി ജീവിതത്തില്‍ ഒന്നുമില്ല എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോഴാണ് പ്രിന്‍സിയെ തേടി ആ വാര്‍ത്ത എത്തിയത്. തന്റെ ഒ്ാപ്പറേഷന്‍ നടക്കും. ഒരാള്‍ വൃക്ക നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ആളാരാണെന്ന് കേട്ടപ്പോഴാണ് പ്രിന്‍സി ഏറെ ഞെട്ടിയത്. ഒരാളുടെ ജീവനെടുത്ത കേസിലെ പ്രതിയാണ് വൃക്ക നല്‍കാന്‍ ഒരുങ്ങുന്നത്. ഒരുപോലെ ആശ്വാസവും ആശങ്കയും. പോലീസ് ഉദ്യോഗസ്ഥന്റെ മകളായ പ്രിന്‍സിക്ക് വൃക്ക നല്‍കുന്നത് ഒരു പ്രതിയോ. അതും ഒരാളെ കൊന്ന കേസിലെ പ്രതി. മറ്റൊരു ആത്മ ബന്ധത്തിന്റെ അധ്യായമായിരുന്നു ആ വൃക്ക ദാനത്തിലൂടെ ആരംഭിച്ചത്.

കൊല്ലം വടക്കേവിള ശ്രീനഗര്‍ 80, പ്രിന്‍സി ഭവനില്‍ പൊലീസില്‍ നിന്ന് സ്വയം വിരമിച്ച തങ്കച്ചന്റെയും പരേതയായ പ്രസന്നയുടെയും രണ്ട് മക്കളില്‍ മൂത്ത മകളാണ് പ്രിന്‍സി. ഇരുവൃക്കകളും തകരാറിലായ പ്രിന്‍സി ജീവിതത്തോട് മല്ലടിക്കുകയായിരുന്നു. ഇതിനിടെയാണ് പട്ടാമ്പി പള്ളിപ്രം പുള്ളിത്തടത്തില്‍ ഹൗസില്‍ പി. സുകുമാരന്‍ എന്ന 49കാരന്‍ വൃക്ക ദാനം ചെയ്യാന്‍ തയ്യാറായത്. ഒരു നിമിഷത്തെ പ്രകോപനത്തില്‍ ഉറ്റബന്ധുവിന്റെ ജീവനെടുക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തമായിരുന്നു സുകമാരന് ഈ വൃക്കദാനം.

‘മിക്ക ദിവസങ്ങളിലും ഞങ്ങള്‍ ഫോണില്‍ സംസാരിക്കും. ഒരിക്കല്‍ കൊല്ലത്ത് വച്ച് കണ്ടു. ആ വലിയ മനുഷ്യന്‍ എന്റെ അച്ഛന്റെ സ്ഥാനത്താണ് ‘ -പ്രിന്‍സി പറഞ്ഞു. വൃക്ക മാറ്റി വെച്ച് ജീവിതത്തിലേക്ക് മടങ്ങി എത്താന്‍ കഴിയുമെന്ന പ്രതീക്ഷകള്‍ എല്ലാം അവസാനിച്ചിരിക്കുകയായിരുന്നു പ്രിന്‍സിയും കുടുംബവും. ചികിത്സയ്ക്കും മറ്റ് ആശുപത്രി ചിലവുകള്‍ക്കുമായി വന്‍ തുക ചിലവായതോടെ കടബാധ്യതയും ഏറി. ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുമ്പോഴാണ് മാലാഘയെ പോലെ സുകുമാരന്‍ എത്തുന്നത്.

2007 മെയ് 27ന് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തിനിടെയാണ് സുകമാരന്‍ അച്ഛന്റെ ജ്യേഷ്ഠനെ വെട്ടുന്നത്. ഇദ്ദേഹം പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് കീഴടങ്ങി. 2010 ഒക്ടോബര്‍ 28ന് ഫാസ്റ്റ് ട്രാക്ക് കോടതി ജീവുപര്യന്തം ശിക്ഷ വിധിച്ചു. അപ്പീലില്‍ പത്ത് വര്‍ഷമായും പിന്നീട് ഏഴ് വര്‍ഷമായും ശിക്ഷ കുറച്ചു. ജയിലില്‍ വെച്ചു തന്നെ വൃക്ക ദാനം ചെയ്യാനായി സുകുമാരന്‍ തയ്യാറായിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഇതിന് അവസരം ഒരുങ്ങിയത്. 2018 ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സുകുമാരന്റെ വലത് വൃക്ക പ്രിന്‍സിക്ക് മാറ്റിവച്ചു.

സിനിമ സെറ്റുകളിലേക്ക് ജോലിക്കും വെല്‍ഡിംഗ് പണിക്കും പോയിയാണ് സുകുമാരന്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഭാര്യ സമിതയ്ക്കും മകന്‍ അമല്‍സാനിനുമൊപ്പം ജീവിച്ച് വരികയാണ് സുകുമാരന്‍. പ്രിന്‍സിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായത്താല്‍ വീട് ലഭിച്ചു.