മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രം

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് സര്‍ക്കാര്‍. അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അതോറിറ്റി പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ സുപ്രീം കോടതിയില്‍ തമിഴ്‌നാട് പിന്തുണച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ശക്തമായ നിലപാട് എടുക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര ജലകമ്മിഷനും മേല്‍നോട്ട സമിതിക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ഇക്കാര്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉള്‍പ്പടെ വിലയിരുത്തുന്നതിന് ദേശീയ ഡാം സുരക്ഷാ ആതോറിറ്റി വിജ്ഞാപനം ചെയ്തതായും അതിനാല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതോറിറ്റിക്ക് വിടണമെന്നും ഐശ്വര്യ ഭാട്ടി കോടതിയില്‍ ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അതോറിറ്റി പരിശോധിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നിലവില്‍ നടക്കുന്നില്ല. അപ്പ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും നടക്കുന്നില്ലെന്ന് ഐശ്യര്യ ഭാട്ടി സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ തമിഴ്‌നാട് സുപ്രീം കോടതിയില്‍ പിന്തുണച്ചു. അതോറിറ്റി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടത് അണക്കെട്ടിന്റെ ഉടമസ്ഥരായ സംസ്ഥാനമാണ്. അതിനെ തടസപ്പെടുത്തുന്നവര്‍ക്ക് എതിരെ കേസ് ഉള്‍പ്പടെയുടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡാം സുരക്ഷ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡെ കോടതിയില്‍ ചൂണ്ടിക്കാട്ടി.