ഫുൾ എ പ്ലസ്, പപ്പയ്ക്ക് കൊടുത്ത വാക്കുപാലിച്ച് സോന

വയനാട് പുൽപ്പള്ളി പാക്കത്തെ സോന എസ്എസ്എൽസി പരീക്ഷയെഴുതിയത് പിതാവിന്റെ മരണമേൽപ്പിച്ച നടുക്കത്തിനിടയിലാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടി സോന പപ്പയോടുള്ള വാക്കുപാലിച്ചു. കാട്ടാന ആക്രമണത്തിലാണ് സോനയുടെ പിതാവ് പോൾ കൊല്ലപ്പെട്ടത്. ദുഃഖം തളംകെട്ടിനിന്ന മനസ്സിലും പിതാവിന്റെ ആഗ്രഹസഫലീകരണത്തിനായാണ് പതറാതെ ഓരോ പരീക്ഷയെയും സോന നേരിട്ടത്.

പാക്കം കുറുവാദ്വീപിലെ വനംസംരക്ഷണസമിതി ജീവനക്കാരനായിരുന്ന പോൾ കഴിഞ്ഞ ഫെബ്രുവരി 16-നാണ് ജോലിക്കിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരണം നടന്ന് മൂന്നാംദിവസമായിരുന്നു എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ. കാര്യമായി പഠിക്കാനൊന്നും സാധിച്ചിരുന്നില്ലെങ്കിലും ഫലം വന്നപ്പോൾ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു.

എല്ലാദിവസവുമെന്നോണം പോളിന്റെ വീട്ടിലേക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവരുടെ സന്ദർശനപ്രവാഹമായിരുന്നു. ഇതിനാൽ പകൽ സമയങ്ങളിലൊന്നും സോനയ്ക്ക് പഠിക്കാൻ സാധിച്ചിരുന്നില്ല. അനുശോചനമറിയിക്കാനെത്തുന്നവരുടെ മുന്നിൽനിന്നും ഒഴിഞ്ഞുമാറാൻ അവൾക്കാവുമായിരുന്നില്ല. ഇതിനാൽ രാത്രിയായിരുന്നു പഠനമെല്ലാം. വിജയ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു സോന പഠിച്ചിരുന്നത്.

ഇവിടത്തെ അധ്യാപകരുടെയും ബന്ധുക്കളുടെയുമെല്ലാം മാനസിക പിന്തുണ തന്റെ വിജയത്തിന് പ്രചോദനമായെന്ന് സോന പറഞ്ഞു. വിജയത്തിൽ സന്തോഷമുണ്ടെങ്കിലും ഇത് കാണാൻ തന്റെ പിതാവ് കൂടെയില്ലല്ലോയെന്ന സങ്കടത്തിലാണ് സോന. പ്ലസ്ടുവിന് സയൻസ് വിഷയമെടുത്ത് തുടർപഠനം നടത്താനാണ് സോനയുടെ ആഗ്രഹം.

മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് നേടിയ പോളിന്റെ മകൾ സോനാ പോളിനെ അഭിനന്ദനം അറിയിച്ച് രാഹുൽഗാന്ധി. ഈ വിജയം ശരിക്കും പ്രചോദനം നൽകുന്നതാണ്. വ്യക്തിപരമായ ഒരു ദുരന്തമുണ്ടായിട്ടും ആപ്രതിസന്ധികൾക്കിടയിലും ദൃഢനിശ്ചയത്തോടെ പഠിച്ച് വളരെ മികച്ചപ്രകടനം കാഴ്ചവെച്ചതിൽ സന്തോഷമുണ്ട്. പ്രയാസകരമായ ഒരുസമയത്ത് പിന്തുണ നൽകിയ കുടുംബത്തെയും സ്കൂളിനെയും ഇതോടൊപ്പം അഭിനന്ദിക്കുന്നു- രാഹുൽ കുറിച്ചു.