വാക്‌സിൻ എടുത്തതിന് പിന്നാലെ മകളുടെ മരണം, സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ മാതാപിതാക്കൾ

ന്യൂഡൽഹി : സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികൾ ആരംഭിച്ച് കൊവിഷീൽഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ. യുകെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയിൽ കൊവിഷീൽഡ്) ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് കമ്പനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

കൊവിഷീൽഡ് എടുത്തതിന് പിന്നാലെ 2021 ജൂലായിലാണ് യുവതി മരണപ്പെട്ടത്. എന്നാൽ കാരുണ്യയുടെ മരണകാരണം വാക്‌സിൻ ആണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് സർക്കാർ രൂപീകരിച്ച് ദേശീയ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ഇതിന് പിന്നാലെയാണ് മകളുടെ മരണത്തിൽ സ്വതന്ത്ര മെഡിക്കൽ ബോ‌ർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഗോവിന്ദൻ റിട്ട് ഹർജി ഫയൽ ചെയ്തു.

മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കൊവിഷീൽഡ് വാക്‌സിൻ കാരണമാകാമെന്ന് ആസ്ട്രാസെനേക യുകെ ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. രക്തം കട്ടപിടിക്കുകയും​ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കൽ അവസ്ഥയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും കമ്പനി അറിയിച്ചിരുന്നു